റാപ്പര്‍ വേടനെതിരെ കുരുക്ക് മുറുകുന്നു; കൂടുതല്‍ ലൈംഗികാതിക്രമ പരാതികള്‍
Monday, August 18, 2025 12:17 PM IST
ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന ഹിരണ്‍ദാസ് മുരളി എന്ന റാപ്പര്‍ വേടനെതിരേ കുരുക്ക് മുറുകുന്നു. ഇയാള്‍ക്കെതിരേ ലൈംഗികാതിക്രമ പരാതികളുമായി രണ്ടു യുവതികള്‍ കൂടി രംഗത്തെത്തി.
റാപ്പര്‍ വേടന് ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടികാണിച്ച് രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാന്‍ രണ്ടു യുവതികളും സമയം തേടി. മുഖ്യമന്ത്രിയുമായി യുവതികള്‍ ഉടന്‍ കൂടിക്കാഴ്ച നടത്തിയേക്കും. ദളിത് സംഗീതത്തില്‍ ഗവേഷണം നടത്താനായി വേടനെ ഫോണില്‍ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആദ്യ പരാതി. എതിര്‍ത്തപ്പോള്‍ ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് യുവതിയുടെ പരാതിയിലുള്ളത്.
തന്റെ സംഗീത പരിപാടികളില്‍ ആകൃഷ്ടനായി ബന്ധം സ്ഥാപിച്ച വേടന് ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാമത്തെ യുവതിയുടെ പരാതി. സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്ന യുവതിയാണ് പരാതിക്കാരി. 2020 - 2021 കാലഘട്ടത്തിലാണ് പരാതിയില്‍ പറയുന്ന രണ്ട് സംഭവങ്ങളും നടന്നത്. അന്ന് വേടനെതിരായി രണ്ടു യുവതികളും മീടൂ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന വേടന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കുര്യന് തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ തൃക്കാക്കര എസിപി പി.എസ്. ഷിജുവിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്‍ഫോപാര്‍ക്ക് എസ്എച്ച്ഒ സജീവ് കുമാറിനാണ് നിലവിലെ അന്വേഷണ ചുമതല. പോലീസ് ജാമ്യ ഹര്‍ജിയെ എതിര്‍ക്കും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വേടനെ ചോദ്യം ചെയ്യണമെന്നും പോലീസ് കോടതിയെ അറിയിക്കും.
2021 മുതല്‍ 2023 വരെ വേടന് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പോലീസാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. പരാതിക്ക് പിന്നാലെ വേടനെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. പോലീസ് വേടനായി ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
വേടന് യുവതിയുമായി നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വച്ച് പീഡിപ്പിച്ചെന്നുമാണ് യുവ ഡോക്ടറുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിരുന്നു. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.
2023 ജൂലൈ മുതല്‍ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാതെയായിയെന്നുമാണ് യുവ ഡോക്ടറുടെ വെളിപ്പെടുത്തല്‍. പിന്മാറ്റം മാനസികമായി തകര്‍ത്തു. ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31,000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.