മുഹമ്മദ് ഷർഷാദ് പിബിക്കു നല്കിയ കത്തിലെ ആരോപണവിധേയൻ; രാജേഷ് കൃഷ്ണ നിലവില്‍ സിനിമാ നിര്‍മാണ പങ്കാളി
Monday, August 18, 2025 1:14 PM IST
എസ്എഫ്ഐയിലൂടെ സിപിഎം അനുഭാവിയായി രംഗപ്രവേശം ചെയ്ത പത്തനംതിട്ട ചെന്നീര്‍ക്കര സ്വദേശിയായ രാജേഷ് കൃഷ്ണയുടെ യുകെ ബന്ധം മാധ്യമ പ്രവര്‍ത്തനത്തിലൂടെയാണ്. പത്തനംതിട്ടയില്‍ സിപിഎം ബന്ധം ഉപയോഗിച്ച് ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന രാജേഷ് യുകെയിലെത്തിയശേഷം ബിബിസിയില്‍ പ്രവര്‍ത്തിച്ചിരുന്നു.
താത്കാലികാടിസ്ഥാനത്തിലായിരുന്നു നിയമനമെങ്കിലും ശ്രദ്ധേയമായ ചില പ്രോഗ്രാമുകള്‍ ബിബിസിക്കു വേണ്ടി ചെയ്തു. നേരത്തെ കേരളത്തില്‍ പാര്‍ട്ടി ചാനലുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. രാജേഷിന്റെ ഭാര്യയ്ക്ക് യുകെയില്‍ ജോലിയാണ്. ഇതോടെ ലണ്ടനില്‍ താമസിച്ച് കേരളത്തില്‍ നിന്നുവരുന്ന ഉന്നതരുമായുള്ള ബന്ധം തുടര്‍ന്നു.
പാര്‍ട്ടി നേതാക്കളുമായി ബന്ധം സ്ഥാപിച്ചിരുന്ന രാജേഷിന്റെ സൗഹൃദവലയത്തില്‍ സിപിഎമ്മിലെ പല യുവനേതാക്കളുമുണ്ടായി. ഇതിനിടെയിലാണ് സിനിമാ വ്യവസായ മേഖലയിലേക്ക് കടന്നു. പുഴു, ന്റിക്കാക്കാക്കക്കൊരു പ്രേമാണ്ടര്ന്ന് തുടങ്ങിയ സിനിമകളുടെ നിര്‍മാണ പങ്കാളിയായി.
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മാണ പങ്കാളിത്തവുമുള്ളതായി പറയുന്നു. രാജേഷിന്റെ ബന്ധങ്ങളുടെ പേരില്‍ പരാതി നല്കിയ വ്യവസായി ബി. മുഹമ്മദ് ഷര്‍ഷാദിന്റെ ഭാര്യയ്ക്ക് മുഖ്യറോള്‍ നല്‍കിയും ഒരു സിനിമ നിര്‍മിച്ചു. ഇതോടെയാണ് മുഹമ്മദ് ഷര്ഷാദുമായുള്ള ബന്ധം വഷളാകുന്നതെന്ന് പറയുന്നു.
ഇതിനു മുമ്പും വിവാദങ്ങളില്‍പെട്ടിട്ടുള്ള രാജേഷ് കൃഷ്ണ കഴിഞ്ഞ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രതിനിധിയാകാന്‍ ശ്രമിച്ചതു പരാജയപ്പെട്ടതോടെയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.