ഇനി നിർമാണത്തിലേയ്ക്കും; സ്വന്തം പ്രൊഡക്ഷൻ കമ്പനിയുമായി പെപ്പെ
Monday, August 18, 2025 3:39 PM IST
സ്വന്തമായി നിർമാണക്കമ്പനി ആരംഭിച്ച് നടൻ ആന്റണി വർഗീസ്. എവിപി (ആന്റണി വർഗീസ് പെപ്പെ) പ്രൊഡക്ഷൻസ് എന്ന പേരിലാണ് ആന്റണി പ്രൊഡക്ഷൻ കമ്പനി തുടങ്ങിയിരിക്കുന്നത്.
സ്വപ്നം കാണുന്നവർക്കും അക്ഷീണം പരിശ്രമിക്കുന്നവർക്കും വിജയം സുനിശ്ചിതം എന്ന വികാരഭരിതമായ കുറിപ്പിനൊപ്പമാണ് നിർമാണക്കമ്പനി തുടങ്ങുന്ന പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ആന്റണി വർഗീസിന്റെ കുറിപ്പ് വായിക്കാം
‘‘ഒരു വലിയ ആഗ്രഹം ഇന്ന് ചെറിയൊരു രീതിയിൽ തുടങ്ങാൻ സാധിച്ചു. ഇത് സാധ്യമാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി. ഒരു തുടക്കാരന് നിങ്ങൾ നൽകിയ പിന്തുണയാണ് എന്നെ ഇതുവരെ എത്തിച്ചത്. എല്ലാവരുടെയും സ്നേഹവും പിന്തുണയും വീണ്ടും പ്രതീക്ഷിച്ചുകൊണ്ട് നിങ്ങൾക്കായി എവിപി പ്രൊഡക്ഷൻസ് സമർപ്പിക്കുന്നു.
സ്വപ്നം കാണുന്നവർക്കുവേണ്ടി, അക്ഷീണം പ്രവർത്തിക്കുന്നവർക്ക് വേണ്ടി, സ്വയം വിശ്വാസമർപ്പിച്ച് മുന്നോട്ടുപോകുന്നവർക്കുവേണ്ടി. ഓർക്കുക, എല്ലാം അതിന്റേതായ സമയത്ത് നടക്കും. വിജയം ഇന്ന് വരാം, അല്ലെങ്കിൽ നാളെ എത്തിയേക്കാം, പക്ഷേ അത് എപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരെ തേടിയെത്തും.
ഞാൻ അങ്ങനെയുള്ള ഒരാളാകുമ്പോൾ ഇന്ന് എനിക്ക് ഏറ്റവും സ്പെഷൽ ആയ ദിവസമാണ്. എന്നെ ഏറ്റവും ആവേശഭരിതനാക്കുന്നത് എന്റെ നേട്ടങ്ങൾ മാത്രമല്ല മറിച്ച് മുന്നോട്ടുള്ള കാഴ്ചപ്പാടാണ്, കൂടുതൽ വിശാലമായ ദൃശ്യം, ഇനിയും തുടക്കം കുറിക്കാത്ത മഹത്തായ യാത്ര.
ഇത് എന്റെ മാത്രം നിമിഷമല്ല, സിനിമയുടെ ശക്തിയിൽ വിശ്വസിക്കുന്ന നമുക്കെല്ലാവർക്കും വേണ്ടിയുള്ള ഒരു ചുവടുവയ്പ്പാണ്. നിങ്ങളുടെ ഏവരുടെയും സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു. നിങ്ങളിൽ ഒരാളാകുന്നതിനോടൊപ്പം ഞാൻ നിങ്ങൾക്കുവേണ്ടിയുള്ള ഒരാൾ കൂടിയാണ്.സ്നേഹത്തോടെ പെപ്പെ.’’