ഒരേവർഷം മൂന്നു സിനിമകൾ 100 കോടി ക്ലബ്ബിൽ; റിക്കാർഡ് നേട്ടവുമായി വീണ്ടും മോഹൻലാൽ
Thursday, September 25, 2025 9:57 AM IST
മലയാളത്തിന്റെ നൂറുകോടി ഹിറ്റുകൾ തുടർച്ചയായി സ്വന്തമാക്കിയ നടൻ എന്ന പേര് ഇനി മോഹൻലാലിനെ സ്വന്തം.
എമ്പുരാൻ, തുടരും എന്നീ സിനിമകൾക്കു ശേഷം ഹൃദയപൂർവവും നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. ഇതോടെ ഒരു നടന്റെ മൂന്ന് സിനിമകൾ ഒരേ വർഷം നൂറ് കോടി ക്ലബ്ബിൽ ഇടംനേടുന്നു എന്ന നേട്ടം മോഹൻലാൽ സ്വന്തമാക്കി. ആഗോള കളക്ഷനും സിനിമയ്ക്കു ലഭിച്ച ബിസിനസും ചേര്‍ത്താണ് നൂറ് കോടി നേടിയിരിക്കുന്നത്.
100 കോടി ക്ലബ്ബില്‍ ഇടംനേടുന്ന സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ആദ്യ സിനിമയായും ഹൃദയപൂര്‍വം മാറി. പത്ത് വർഷങ്ങൾക്കുശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിച്ച സിനിമ കൂടിയായിരുന്നു ഇത്.
""ഹൃദയപൂർവ്വം സിനിമ നിങ്ങളുടെ ഹൃദയങ്ങളിലേക്കും വീടുകളിലേക്കും സ്വാഗതം ചെയ്തതിന് നന്ദി. കുടുംബങ്ങൾ ഒത്തുചേരുന്നതും പുഞ്ചിരിക്കുന്നതും ചിരിക്കുന്നതും ഞങ്ങൾക്കൊപ്പം കണ്ണുനീർ പൊഴിക്കുന്നതും കാണുന്നത് ശരിക്കും ഹൃദയസ്പർശിയായി തോന്നി. നിങ്ങൾ കാണിച്ച സ്നേഹത്തിനും പിന്തുണയ്ക്കും വാക്കുകൾക്കതീതമായി നന്ദിയുണ്ട്” എന്നായിരുന്നു മോഹൻലാൽ പ്രതികരിച്ചത്.
സംഗീത് പ്രതാപ്, ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.
ആശിര്‍വാദ് സിനിമാസ് ആയിരുന്നു നിര്‍മാണം. അഖിൽ സത്യനാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ചിത്രം സെപ്റ്റംബര്‍ 26ന് ഒടിടി റിലീസ് ചെയ്യും. ജിയോ ഹോട് സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ്.