ഫാൽക്കെ പുരസ്കാരം സ്വീകരിച്ച് കൊച്ചിയിൽ മടങ്ങിയെത്തി മോഹൻലാൽ; നേരെ അമ്മയുടെ അടുത്തേയ്ക്ക്
Wednesday, September 24, 2025 2:44 PM IST
രാഷ്ട്രപതിയുടെ പക്കൽ നിന്നും ദാദാ സാഹിബ് ഫാൽക്കെ അവാർഡ് സ്വീകരിച്ച് മോഹൻലാൽ കൊച്ചിയിൽ മടങ്ങിയെത്തി. ഇന്ന് ഉച്ചയോടെയാണ് താരം കൊച്ചിയിൽ വിമാനമിറങ്ങയത്. എളമക്കരയിലുള്ള അമ്മയെ സന്ദർശിക്കാനാണ് താരം ആദ്യം പോയത്. അവിടെ നിന്നും തൊടുപുഴയിലെ ദൃശ്യം 3യുടെ ലൊക്കേഷനിലേയ്ക്ക് താരം പോകും.
എല്ലാം വളരേ നന്നായിരുന്നു. നല്ല കാര്യം. ഒരു നടന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമായി ഞാന്‍ പുരസ്കാരത്തെ കാണുന്നു. ആ ഭാഗ്യം ഞാന്‍ നിങ്ങള്‍ ഉള്‍പ്പെടെ എല്ലാവരുമായി പങ്കുവെക്കുന്നു. മാധ്യമപ്രവര്‍ത്തകരോട് മോഹന്‍ലാല്‍ പറഞ്ഞു.
ക്ലാസിക്കല്‍ ആര്‍ട്ട് ആയതുകൊണ്ടാകും രാഷ്ട്രപതി വാനപ്രസ്ഥവും കര്‍ണഭാരവും എടുത്ത് പറഞ്ഞത്. ഒന്ന് സംസ്കൃത നാടകമാണ്, മറ്റൊന്ന് ത്രീ ഡയമെന്‍ഷണല്‍ ആര്‍ട്ട് ആണ്. സാധാരണ സിനിമയില്‍ ഒരുപാട് പേര് അങ്ങനെ ചെയ്യാറില്ല. അതുകൊണ്ടായിരിക്കാം എടുത്തുപറഞ്ഞത്.
പുരസ്കാരദാനച്ചടങ്ങില്‍ രാഷ്ട്രപതി കര്‍ണഭാരം നാടകത്തേയും വാനപ്രസ്ഥം ചിത്രത്തേയും എടുത്ത് പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തോട് മോഹന്‍ലാല്‍ പ്രതികരിച്ചതിങ്ങനെ.
ചൊവ്വാഴ്ച വൈകുന്നേരം നാലിന് ഡൽഹിയിലായിരുന്നു പുരസ്കാരവിതരണം നടന്നത്. മോഹൻലാലിനൊപ്പം ഭാര്യ സുചിത്രയും നിർമാതാവ് ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു.