മോഹനം ലാലിസം
ബിജോ ജോ തോമസ്
Monday, September 22, 2025 11:06 AM IST
കാലം എൺപതുകളുടെ തുടക്കം. തിരുവനന്തപുരം എംജി കോളജിൽനിന്ന് മോഹൻലാൽ എന്ന പയ്യൻ ബി കോം പൂർത്തിയാക്കിയ സമയം. നവാഗത സംവിധായകനായ ഫാസിൽ തന്റെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്ന് പത്രപരസ്യം ചെയ്യുന്നു.
സ്കൂളിലും കോളജിലുമൊക്കെ ബെസ്റ്റ് ആക്ടർ സമ്മാനം നേടിയിട്ടുള്ള മോഹൻലാലിന്റെ ഫോട്ടോയും ബയോഡേറ്റയും ഉറ്റ സുഹൃത്തായ സുരേഷ്കുമാർ സിനിമാ കന്പനിക്ക് അയച്ചുകൊടുക്കുന്നു.... പിന്നീട് നടന്നതെല്ലാം മലയാളികൾക്ക് സുപരിചതം. ഇവിടെ മോഹൻലാൽ പോലും അറിയാതെ ലാൽ എന്ന താരം ജനിക്കുകയായിരുന്നു. അതാണ് ലാൽ വിസ്മയം. സിനിമയിൽ കയറിക്കൂടണമെന്ന അദമ്യമായ ആഗ്രഹങ്ങളൊന്നുമില്ലാതെ, അതിനായ് അത്ര വലിയ ശ്രമങ്ങളൊന്നും നടത്താതെ സിനിമ എന്ന മായികലോകം അദ്ദേഹത്തിലേക്ക് എത്തുകയായിരുന്നു.
അവിടെയാണ് ലാൽ വ്യത്യസ്തനാകുന്നത്. ജീവിതത്തെ ഒരു ഫിലോസഫി പോലെ കണ്ട് ഒഴുക്കിനൊത്ത് നീന്തുന്ന മനുഷ്യൻ. 1980ൽ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ’ തുടങ്ങിയ ആ ഒഴുക്ക് 2025ൽ ഹൃദയപൂർവം എന്ന സിനിമയിൽ എത്തിനില്ക്കുന്പോൾ ഇതിനെയെല്ലാം സ്വതസിദ്ധമായ നിസംഗതയോടും സൗമ്യതയോടും കൂടിയാണ് അദ്ദേഹം സമീപിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ചച്ചിത്ര പുരസ്കാരമായ ഫാൽക്കെ അവാർഡ് നേടുന്പോഴും ലാലിന്റെ സമീപനത്തിൽ മാറ്റമില്ല.
എൺപതുകൾ... വസന്തം തുടങ്ങുന്നു
ആദ്യചിത്രമായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ’ തന്നെ അസാധാരണ പ്രതിഭയുടെ മിന്നലാട്ടം മോഹൻലാൽ എന്ന പുതുമുഖ നടനിൽ കണ്ടു. അതുവരെ കണ്ട വില്ലൻകഥാപാത്രശൈലി അപ്പാടെ പൊളിച്ചെഴുതുന്നതായിരുന്നു ലാലിന്റെ പെർഫോമൻസ്. തുടർന്ന് കുറെയധികം സിനിമകളിൽ ചെറിയ കഥാപാത്രങ്ങൾ. കൂടുതലും നെഗറ്റീവ് കാരക്ടറുകൾ. അവിടെയും അതുവരെ കാണാത്ത എന്തോ ഒരു പ്രത്യേകത. ആ പ്രത്യേകതയാണ് ലാലിനെ ഇന്നു കാണുന്ന കംപ്ലീറ്റ് ആക്ടറിലേക്കു വഴിതെളിച്ചത്. 83 ഓടെ വില്ലനിൽനിന്ന് നായകവേഷത്തിലേക്കുള്ള പ്രവേശനം.
ആട്ടക്കലാശം, എങ്ങനെ നീ മറക്കും, കാറ്റത്തെ കിളിക്കൂട്, അതിരാത്രം തുടങ്ങിയ സിനിമകളിലൂടെ നായകനായി ലാൽ ചുവടറുപ്പിക്കുകയായിരുന്നു. എൺപതുകളുടെ ആദ്യപകുതി കഴിഞ്ഞതോടെ ലാൽ തരംഗം തന്നെ ദൃശ്യമായിത്തുടങ്ങി. സന്മനസുള്ളവർക്ക് സമാധാനവും ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റും താളവട്ടവുമൊക്കെ പ്രേക്ഷകരിലുണ്ടാക്കിയ ചലനം ഇന്നും തുടരുകയാണ്. പുതിയ തലമുറ യുട്യൂബിലൂടെയും ചാനലിലൂടെയും ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതും ഈ സിനിമകൾ തന്നെ. നമ്മുടെ അയൽപക്കത്തെ ഒരു സാധാരണ യുവാവ് എന്ന ഇമേജ്, മലയാളസിനിമയിൽ അതുവരെ കണ്ട വീരനായകന്മാരിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു ലാൽ പകർന്നാടിയ വേഷങ്ങൾ.
ബോയിംഗ് ബോയിംഗ്, പഞ്ചാഗ്നി, കരിന്പിൻപൂവിനക്കരെ, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, ഒന്നുമുതൽ പൂജ്യം വരെ, സുഖമോ ദേവി, മിഴിനീർ പൂവുകൾ, കണ്ടു കണ്ടറിഞ്ഞു, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ തുടങ്ങി എൺപതുകളുടെ ആദ്യപകുതിയിൽ ലാൽവസന്തം പൂത്തുലയാൻ തുടങ്ങി.എൺപതുകളുടെ രണ്ടാം പകുതിയായപ്പേഴേക്കും മലയാളസിനിമയുടെ പ്രയാണം ലാലിനെ ചുറ്റിപ്പറ്റി ആരംഭിച്ചുകഴിഞ്ഞിരുന്നു. പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ ജോഷി, കമൽ തുടങ്ങി പ്രതിഭാധനരുടെ മികവുറ്റ സിനിമകൾ. കിരീടം എന്ന സിനിമയൊക്കെ മലയാളികളുടെ മനസിൽ സൃഷ്ടിച്ച ചലനം മലയാളസിനിമയുടെ ചരിത്രംകൂടിയാണ്. ഏയ് ഓട്ടോ, ഹിസ് ഹൈനസ് അബ്ദുള്ള, ലാൽസലാം, ഇന്ദ്രജാലം, ഭരതം, വാനപ്രസ്ഥം... അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രങ്ങളുടെ നിര നീളുകയാണ്.
താരപ്പകിട്ടിൽ തൊണ്ണൂറുകൾ
1990 മുതൽ രണ്ടായിരം വരെയുള്ള ചിത്രങ്ങളെടുത്താൽ ഫ്ളോപ്പുകളും ആവർത്തന വിരസതയുള്ള സിനിമകളും ഇടയ്ക്കിടെ വന്നെങ്കിലും അതിനും മേലെ ഇടയ്ക്കിടെ വന്പൻ ഹിറ്റുകൾ നല്കി ലാൽ അദ്ഭുതപ്പെടുത്തി. വിയറ്റ്നാം കോളനി, മിഥുനം, ദേവാസുരം, മായാമയൂരം, പവിത്രം, തേന്മാവിൻകൊന്പത്ത്, സ്ഫടികം, കാലാപാനി, ചന്ദ്രലേഖ, ഉസ്താദ് , ആറാം തന്പുരാൻ, കന്മദം, വർണപകിട്ട്, ഇരുവർ, നിർണയം, തച്ചോളി വർഗീസ് ചേകവർ, അയാൾ കഥയെഴുതുകയാണ്, ഒളിമ്പ്യൻ അന്തോണി ആദം തുടങ്ങി തൊണ്ണൂറുകളിൽ ലാലിന്റെ കൈയൊപ്പു പതിഞ്ഞ സിനിമകൾ ഒട്ടേറെയുണ്ടായി.
നരസിംഹമായ്....
തൊണ്ണൂറുകളുടെ അവസാനമിറങ്ങിയ നരസിംഹം എന്ന ചിത്രത്തോടെ മറ്റൊരു ലാൽ ഇമേജ് കൂടി പ്രേക്ഷകമനസിൽ കുടിയേറുകയായിരുന്നു. മീശപിരിക്കുന്ന നീ പോ മോനേ... ദിനേശാ എന്നു പറയുന്ന നായകസങ്കൽപം അറിഞ്ഞോ അറിയാതെയോ ലാൽ പ്രേക്ഷരിലേക്കു സംവഹിച്ചു. തിയറ്ററുകളിൽ ഉത്സവ പ്രതീതി സൃഷ്ടിച്ച ഒരു സിനിമാ സംസ്കാരത്തിനു കൂടിയാണ് ഇതുവഴി തുടക്കം കുറിച്ചത്. പ്രജ, രാവണപ്രഭു, നാട്ടുരാജാവ്, നരൻ, മാടന്പി, ഛോട്ടാമുംബൈ തുടങ്ങി 2016ൽ എത്തിയ പുലിമുരുകൻ വരെ ഇത്തരം ലാൽ സാധ്യതകൾ പരമാവധി ചൂഷണം ചെയ്ത സിനിമകളായിരുന്നു.
പറഞ്ഞാലും തീരില്ല...
ലാലിന്റെ കരിയറിനെയും അഭിനയത്തെയും കുറിച്ചുമൊക്കെ സിനിമാ പ്രേമികൾക്ക് എത്ര ചർച്ച ചെയ്താലും തീരില്ല. അത്തരമൊരു രേഖാചിത്രമാണ് മലയാളസിനിമയിൽ ലാൽ എന്ന നടൻ കോറിയിട്ടിരിക്കുന്നത്. ലാലിന്റെ സിനിമകളുടെ ലിസ്റ്റ് എടുക്കുന്പോഴും അതുതന്നെ അവസ്ഥ. ഇവിടെ പരാമർശിക്കാത്ത നൂറുകണക്കിനു സിനിമകൾ ഇനിയുമുണ്ട്. മണിച്ചിത്രത്താഴ്, പക്ഷേ, പാദമുദ്ര, പട്ടണപ്രവേശം, ആര്യൻ, വരവേൽപ്, തന്മാത്ര, ഉള്ളടക്കം, നാടുവാഴികൾ, താഴ്വാരം, ഒരു യാത്രാമൊഴി, ഗുരു തുടങ്ങി തലമുറകളിലൂടെ പ്രയാണം ചെയ്ത ഒട്ടേറെ സിനിമകൾ ഇനിയുമുണ്ട്.
തുടരുന്ന വിസ്മയങ്ങൾ...
2016-17 കാലമായപ്പേഴേക്കും മലയാളസിനിമയിലുണ്ടായ മാറ്റങ്ങൾ ലാൽ ചിത്രങ്ങളേയും ബാധിച്ചുവെന്നു പറയാം. പുതുമുഖങ്ങൾ അപ്പാടെ പുതിയ സിനിമാശൈലിയുമായ് രംഗം കയ്യടക്കിയെങ്കിലും ഇടയ്ക്കിടെ ഹിറ്റുകളുമായി മോഹൻലാൽ സാന്നിധ്യമറിയിച്ചുകൊണ്ടിരുന്നു.
ലൂസിഫറും ദൃശ്യവും ബ്രോഡാഡിയും എന്പുരാനുമൊക്കെ പുതിയ കാലത്തിന്റെ ലാൽ സിനിമകളായി.
അതേസമയം കഴിഞ്ഞ വർഷം എത്തിയ തുടരും എന്ന ചിത്രത്തിലൂടെ ലാൽ വീണ്ടും തരംഗം സൃഷ്ടിച്ചു. മലയാളസിനിമ എത്രയൊക്കെ മാറിയാലും എത്രയെല്ലാം പുതിയവർ വന്നാലും ലാൽ... ആ മാജിക് ഒരിക്കലും അവസാനിക്കുന്നില്ല.
അർപ്പണബോധവും കഠിനാധ്വാനവും
കഠിനാധ്വാനം എന്നത് ലാലിന്റെ ജീവിതചര്യയോടു ചേർന്നുനില്ക്കുന്നു. തൊഴിലിനോടുള്ള അർപ്പണബോധവും അഭിനിവേശവും ഇന്നും ഒരു തുടക്കക്കാരന്റേതു തന്നെ. തന്റെ സിനിമയുടെ വിജയപരാജയങ്ങളും ഒരു പരിധിവരെ അദ്ദേഹത്തെ ബാധിക്കാറില്ല.
വിജയത്തിലും നേട്ടങ്ങളിലും അമിതമായി സന്തോഷിക്കുകയും പരാജയങ്ങളിൽ വിഷമിക്കുകയും ചെയ്യുന്ന സ്വഭാവം അദ്ദേഹത്തിനില്ല.
കരിയറിലും ജീവിതത്തിലുമുണ്ടാകുന്ന നേട്ടങ്ങളെയും കോട്ടങ്ങളെയുമൊക്കെ ഒരു ഫിലോസഫിക്കൽ ടച്ചോടെ നോക്കിക്കാണാനാണ് ലാലിനിഷ്ടം.
ഒഴുകിയൊഴുകി...
ഒഴുകിനടക്കുന്ന വ്യക്തി എന്നാണ് പലരും ലാലിനെ വിശേഷിപ്പിക്കുന്നത്. സെറ്റിൽനിന്ന് സെറ്റിലേക്ക്. ഒരു നാട്ടിൽനിന്ന് മറ്റൊരു നാട്ടിലേക്ക്. ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക്. ഒരു പ്രത്യേക താളത്തിലാണ് ലാലിന്റെ ജീവിതം. ചിലപ്പോൾ ആത്മീയതയിൽ. ചിലപ്പോൾ തികഞ്ഞ ഭൗതികതയിൽ.
എന്തിലേക്കും മാറാനുള്ള ഫ്ളെക്സിബിലിറ്റി അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലും വ്യക്തിജീവിതത്തിലും കാണാവുന്നതാണ്. കാമറയ്ക്കു മുന്നിൽ നിമിഷം കൊണ്ടാണ് അദ്ദേഹം മറ്റൊരു വ്യക്തിയാകുന്നത്. സെറ്റിൽ സൊറ പറഞ്ഞും പതി്ഞ്ഞ ശബ്ദത്തിൽ കോമഡികൾ പറഞ്ഞും ഈസി മട്ടിൽ ഇരിക്കുന്ന മോഹൻലാലിന്റെ സ്റ്റാർട്ട്, ആക്ഷൻ പറയുന്പോഴുളള ഭാവ വ്യത്യാസം നമ്മെ വിസ്മയിപ്പിക്കും.
കാലവും പ്രായവും തോൽക്കുന്നു
കാലത്തിനും പ്രായത്തിനും അതീതനാണുലാൽ എന്നു പറയുന്പോൾ അദ്ദേഹത്തിന്റെ അഭിനയശൈലിയും അങ്ങനെ തന്നെ. പല അഭിനേതാക്കളുടെയും മുൻകാല സിനിമകൾ കാണുന്പോൾ അഭിനയത്തിൽ കല്ലുകടി നമുക്ക് തോന്നാറുണ്ട്.
പക്ഷേ മോഹൻലാലിന്റെ ആദ്യകാല സിനിമകളിലെ പ്രകടനം ഇന്നും സ്വാഭാവികമായി തോന്നും. എക്കാലത്തും നിലനിൽക്കുന്ന ഇത്തരമൊരു ശൈലിയാണ് വ്യത്യസ്ത തലമുറകളിലും അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നത്.