ഇത് പ്രഭാസിനുള്ള മറുപടിയോ? ഷാരുഖിന്റെ കൈപിടിച്ചുള്ള ചിത്രവുമായി ദീപിക
Saturday, September 20, 2025 11:34 AM IST
കൽക്കി 2898 എഡി എന്ന സിനിമയിൽ നിന്നും പുറത്തായതിനു പിന്നാലെ ഷാരുഖ് ഖാൻ ചിത്രത്തിൽ നായികയാകാൻ ദീപിക പദുക്കോൺ. ഷാരുഖ് ഖാന്റെ കൈ ചേർത്തു പിടിച്ച ചിത്രം പങ്കുവച്ചുകൊണ്ടാണ് ദീപിക ഈ വാർത്ത പ്രേക്ഷകരെ അറിയിച്ചത്.
""18 വർഷങ്ങൾക്ക് മുൻപ് ഓം ശാന്തി ഓം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹം എന്നെ പഠിപ്പിച്ച ആദ്യ പാഠം ഒരു സിനിമ ചെയ്യുന്നതിൽ മാത്രമല്ല അതിൽ നിങ്ങൾ ആരുമായി സഹകരിക്കുന്നു എന്നതും അതിന്റെ വിജയത്തേക്കാൾ വളരെ പ്രധാനമാണ് എന്നതാണ്. അതിനുശേഷം ഞാൻ എടുത്ത എല്ലാ തീരുമാനങ്ങളിലും ആ പാഠം ഉണ്ട്, അതുകൊണ്ടായിരിക്കാം നമ്മൾ വീണ്ടും ഒരുമിച്ച് ആറാമത്തെ സിനിമ ചെയ്യുന്നത്?’’ ദീപിക കുറിച്ചു.
ഷാരുഖ് ഖാന്റെ കിംഗ് എന്ന സിനിമയിലാണ് ദീപിക നായികയായെത്തുക. പഠാൻ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിനുശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയിൽ ഗ്യാംഗ്സ്റ്റർ ആയാണ് കിംഗ് ഖാൻ എത്തുന്നത്. ഷാരുഖിന്റെ മകള്‍ സുഹാനാ ഖാന് ആദ്യമായി ബിഗ് സ്ക്രീനിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും കിംഗിനുണ്ട്.
അതേസമയം പ്രഭാസിനുള്ള ദീപികയുടെ മറുപടിയാണ് ഈ കുറിപ്പെന്നാണ് ചിലരുടെ കണ്ടെത്തൽ. നേരത്തെ പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റിൽ നിന്നും ദീപികയെ ഒഴിവാക്കിയിരുന്നു.
ദീപിക മുന്നോട്ടുവെച്ച ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അവരെ നായികാസ്ഥാനത്ത് നിന്ന് മാറ്റുകയാണെന്നും സന്ദീപ് റെഡ്ഡി വ്യക്തമാക്കിയിരുന്നു. ദിവസം എട്ടു മണിക്കൂര്‍ ജോലി സമയം, ഉയര്‍ന്ന പ്രതിഫലം തുടങ്ങിയ ഡിമാന്‍ഡുകളാണ് ദീപിക മുന്നോട്ടുവച്ചിരുന്നു.
ഇതിന് പിന്നാലെ കൽക്കി സെറ്റിലും കുറഞ്ഞ ജോലി സമയം നടി ചോദിച്ചുവെന്നും ഇത് തർക്കത്തിന് ഇടയാക്കിയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതേ തുടർന്നാണ് നടിയെ സിനിമയിൽ നിന്ന് പൂർണമായി ഒഴിവാക്കിയതെന്നാണ് വിവരം. കൽക്കിയിലും പ്രഭാസ് തന്നെയായിരുന്നു നായകൻ.