പോലീസിലെ സിനിമക്കാരൻ; സ്വപ്നസാഫല്യത്തിന്റെ നിറവിൽ സലീഷ്
സീമ മോഹന്‍ലാല്‍
Wednesday, September 17, 2025 12:30 PM IST
ചെറുപ്പകാലത്ത് തിയറ്ററുകളില്‍ സിനിമാ കാണാനായി ഇരിക്കുമ്പോള്‍ അതിലെ നടീ നടന്മാര് ആരാണെന്നൊന്നും സലീഷ് ശ്രദ്ധിക്കില്ലായിരുന്നു. സ്ക്രീനില്‍ അവസാനം തെളിയുന്ന സംവിധായകന്റെ പേരില്‍ മാത്രമായിരുന്നു ശ്രദ്ധ. ഒരിക്കല്‍ തന്റെ പേരും ഇതുപോലെ എഴുതിക്കാണണമെന്ന മോഹമായിരുന്നു ആ ചെറുപ്പക്കാരന്റേത്.
വര്‍ഷങ്ങള്‍ക്കിപ്പുറം ആ സ്വപ്ന സാഫല്യത്തിന്റെ നിറവിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ സലീഷ് കരിക്കന്‍. സലീഷ് കഥ, തിരക്കഥ, സംഭാഷണം സംവിധാനം എന്നിവ നിര്‍വഹിച്ച അതലന്‍ എന്ന സിനിമ ഇന്റർ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തൃശൂരിന്റെ (ഐഎഫ്എഫ്ടി) മലയാളം നവാഗത സംവിധായകരുടെ സിനിമകളുടെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഫെമിനിച്ചി ഫാത്തിമ ഉള്‍പ്പെടെ എട്ട് ചിത്രങ്ങളാണ് മത്സരത്തിലുള്ളത്. ഒക്ടോബര്‍ 24 മുതല്‍ 31 വരെ തൃശൂരില്‍ നടക്കുന്ന ചലച്ചിത്രമേളയില്‍ ഈ ചിത്രം പ്രേക്ഷകര്‍ക്കു മുന്നിലെത്തും.
ഇതിവൃത്തമായത് ലയങ്ങളിലെ ഇരുണ്ട ജീവിതം
തോട്ടം തൊഴിലാളിലയങ്ങളിലെ ഒറ്റമുറി വീട്ടിലെ ഇരുണ്ട ജീവിതമാണ് അതലനിലൂടെ സലീഷ് വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുന്നത്. പോലീസ് ജീവിതത്തിനിടയില്‍ കണ്ട ജീവിത യാഥാര്‍ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയും ചിത്രത്തിലുണ്ട്. ചാലക്കുടിയില്‍നിന്ന് പണിഷ്മെന്റ് ട്രാന്‍സ്ഫറില്‍ മലക്കപ്പാറ പോലീസ് സ്റ്റേഷനിലേക്ക് എത്തുന്ന പോലീസുകാരനിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്.
സന്ധ്യയായാല്‍ ആനയും പുലിയും ഇറങ്ങുന്ന പ്രദേശത്തെ പോലീസ് സ്റ്റേഷനില്‍, പട്രോളിംഗോ പരാതിയുമായി എത്തുന്നവരുടെ തിരക്കോ ഇല്ല. സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന പോലീസുകാര്‍, വൈകിട്ട് ആറായാല്‍ വന്യമൃഗ ഭീതിയില്‍ പോലീസ് സ്റ്റേഷനു പുറത്തേക്ക് ഉദ്യോഗസ്ഥര്‍ ഇറങ്ങാറുമില്ല... ഈ കാഴ്ചകള്‍ പുതുതായി എത്തിയ ഉദ്യോഗസ്ഥനെ ആശ്ചര്യപ്പെടുത്തിയെങ്കിലും ആ ചുറ്റുപാടിലേക്ക് അദ്ദേഹവും താമസിയാതെ എത്തിച്ചേരുകയാണ്.
ഒരു ദിവസം രാത്രിയില്‍ പോലീസ് സ്റ്റേഷന്റെ വാതിലില്‍ മുട്ടി വിളിച്ച് മകന് എന്നെ തല്ലിയെന്നു പറഞ്ഞെത്തുന്ന ചാമിയെന്ന ചെറുപ്പക്കാരന്. മകനെ നാളെ വന്നു കാണാമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും പോലീസുകാരെ നിര്‍ബന്ധിച്ച് വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി 12കാരനായ മകനാണ് തന്നെ തല്ലിയതെന്ന് പറയുന്നു അയാള്‍.
ഒറ്റമുറി ലയത്തിനുള്ളില്‍ ഭാര്യയുമൊത്തുളള തന്റെ സ്വകാര്യജീവിതത്തിന് മകന് തടസമാകുന്നുവെന്ന വിശ്വാസത്തില്‍ 12കാരനെ കീടനാശിനി മണപ്പിച്ച് അല്പനേരം മയക്കിക്കിടത്താന്‍ ശ്രമിക്കുന്ന ചാമിയും അതിന് തയാറാകാത്ത ഭാര്യ തങ്കയും ലയങ്ങളിലെ ദുരിത ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്.
ഒരു മണിക്കൂര്‍ 35 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഭരിക്കുന്നവരും വന്യമൃഗങ്ങളും ജീവിത സാഹചര്യങ്ങളും മൂലം ദുരിതക്കയത്തിലാഴ്ന്നു പോകുന്ന ലയങ്ങളിലെ സാധു മനുഷ്യരുടെ ദൈന്യത നിറഞ്ഞ ജീവിതമാണ് എടുത്തുകാണിക്കുന്നത്. തങ്കയായി തെലുങ്കു നടി പ്രിന്‍സി ജോര്‍ജും ചാമിയായി ഗൗതം രാജീവും കണ്ണന് എന്ന 12 കാരന് മകനായി അനന്തുവും മികച്ച അഭിനയമാണ് കാഴ്ചവയ്ക്കുന്നത്. ഇവര്‍ക്കൊപ്പം പോലീസ് ഉദ്യോഗസ്ഥരായ മനോജ് കാക്കൂറും പി.ജി. അനില്‍കുമാറും അഭിനേതാക്കളായി എത്തുന്നുണ്ട്.
പ്രവര്‍ത്തിച്ചത് സംവിധായകന് ഷാഫിക്കൊപ്പം
കഴിഞ്ഞ 15 വര്‍ഷമായി പോലീസ് സേനയുടെ ഭാഗമാണ് എറണാകുളം കങ്ങരപ്പടി സ്വദേശിയായ സലീഷ് കരിക്കന്‍. പോലീസ് സേനയില്‍ എത്തുന്നതിനു മുമ്പും ശേഷവും സംവിധായകന് ഷാഫിയുടെ അസിസ്റ്റന്റായി ഇദ്ദേഹം പ്രവര്‍ത്തിച്ചു. ഇടിയന് ചന്തു എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. ഒരു പഴയ ബോംബ് കഥ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, മരതകം, വെടിക്കെട്ട് എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചി സിറ്റി പോലീസിനുവേണ്ടി നിരവധി ബോധവത്കരണ വീഡിയോകളും നിര്‍മിച്ചു.
ഓണപ്പാട്ടുകളും ക്രിസ്മസ് ഗാനങ്ങളുമെല്ലാം സലീഷ് പുറത്തിറക്കി. കുറേ പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തു. ഇടിയന് ചന്തു, ഒരു പഴയ ബോംബ് കഥ, ഇനി ഉത്തരം എന്നീ സിനിമകളിലും സലീഷ് അഭിനയിക്കുകയുണ്ടായി. ‘പുതുമയുള്ള കഥകളുമായി ഇനിയും കൂടുതല്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കണം'- വിദൂരമല്ലാത്ത തന്റെ സ്വപ്നം സലീഷ് പങ്കുവച്ചു.
കേരള പോലീസ് ഹൗസിംഗ് സൊസൈറ്റിയില്‍ ഉദ്യോഗസ്ഥയായ ഭാര്യ വിസ്മയയാണ് അതലന്റെ നിര്‍മാതാവ്. മകന് യുകെജി വിദ്യാര്‍ഥിയായ നിനവ്. ഇവരുടെയെല്ലാം പിന്തുണയില്‍ സലീഷ് സിനിമാ യാത്ര തുടരുകയാണ്.