എമ്പുരാനെ വെട്ടിവീഴ്ത്തി "ലോക'; മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ്
Saturday, September 20, 2025 3:54 PM IST
ആഗോള തലത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാള സിനിമയായി മാറി കല്യാണി പ്രിയദർശൻ നായികയായി എത്തിയ ലോക. എമ്പുരാന്റെ 268 കോടി കളക്ഷൻ റിക്കാർഡാണ് ലോക മറികടന്നത്.
മഞ്ഞുമ്മൽ ബോയിസിന്റെ റിക്കാർഡ് തകർത്ത് ഈ വർഷം ഇൻഡസ്ട്രി ഹിറ്റായി മാറിയ എമ്പുരാന്റെ റിക്കാർഡ് മാസങ്ങളുടെ ഇടവേളകളിലാണ് ലോക എറിഞ്ഞുടച്ചത്.
സ്ത്രീ കേന്ദ്രീകൃത പശ്ചാത്തലത്തിലൊരുങ്ങിയ ഒരു ഇന്ത്യൻ ചിത്രത്തിന് ചരിത്രത്തിൽ ലഭിച്ച എക്കാലത്തെയും മികച്ച കളക്ഷനാണ് ലോക നേടിയിരിക്കുന്നത്.
ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി രൂപ കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ലോക. കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടുന്ന രണ്ടാമത്തെ ചിത്രവും ലോകയാണ്.
നേരത്തെ ബുക്ക് മൈ ഷോയിലും ഓൾ ടൈം റിക്കാർഡ് ചിത്രം കരസ്ഥമാക്കിയിരുന്നു. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിച്ച ഏറ്റവും ഉയർന്ന ടിക്കറ്റ് വിൽപനയാണ് ലോകയുടേത്. 4.51 ലക്ഷം ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി വിറ്റ തുടരും സിനിമയുടെ റിക്കാർഡ് മറികടന്നാണ് ലോകയുടെ നേട്ടം.
കല്യാണി പ്രിയദർശനെ നായികയാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത സൂപ്പർഹീറോ ചിത്രമാണ് ലോക.