ഇപ്പോൾ നീ അടുത്തുണ്ടായിരുന്നെങ്കിൽ മതിവരുവോളം കെട്ടിപിടിക്കാമായിരുന്നു; നവാസിനെയോർത്ത് നിയാസ് ബക്കർ
Thursday, September 25, 2025 12:15 PM IST
അകാലത്തിൽ വിട പറഞ്ഞ കലാഭവൻ നവാസിനെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി സഹോദരൻ നിയാസ് ബക്കർ.
പ്രായത്തില്‍ വലിയ വ്യത്യാസമില്ലാത്തതിനാല്‍ തനിക്കും നവാസിനുമിടയില് സഹോദരബന്ധത്തേക്കാള്‍ സുഹൃദ്ബന്ധമാണ് ഉണ്ടായിരുന്നതെന്നും ഇന്നവൻ അടുത്തുണ്ടായിരുന്നെങ്കിൽ മതിവരുവോളം ഒന്ന് കെട്ടിപ്പിടിച്ച് നിൽക്കണമെന്നുണ്ടെന്നും നിയാസ് പറയുന്നു.
വേദികളിൽ മത്സരബുദ്ധിയോടെയാണ് ഞങ്ങൾ നിൽക്കാറുള്ളതെങ്കിലും ജീവിതത്തിൽ ഞങ്ങൾക്കിടയിൽ മത്സരമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിയാസ് ബക്കറിന്റെ വാക്കുകൾ
ജ്യേഷ്ഠനായി ജനിച്ചത് ഞാനാണെങ്കിലും ജ്യേഷ്ഠനായി അറിയപ്പെട്ടത് അവനായിരുന്നു. ഞങ്ങൾ തമ്മിൽ രണ്ട് വയസിന് വ്യത്യാസമാണുള്ളത്. എന്നേക്കാൾ ഉയരം അവനുള്ളതുകൊണ്ട് കാഴ്ചയിലും ചേട്ടൻ അവനാണെന്നേ പറയൂ.
ഞങ്ങളിരുവരുടേയും സ്വഭാവം വളരെ വ്യത്യസ്തമായിരുന്നു. പല കാര്യങ്ങളിലും അവന്റെ മനഃസ്ഥിതിയാണ് നല്ലതെന്ന് എനിക്ക് തോന്നാറുണ്ട്. മറ്റു പല കാര്യങ്ങളിൽ തിരിച്ചും. നവാസ് എന്റെ വേവ് ലെംഗിതിൽ ഉള്ള ഒരാളല്ല. വേദികളിൽ മത്സരബുദ്ധിയോടെയാണ് ഞങ്ങൾ നിൽക്കാറുള്ളതെങ്കിലും ജീവിതത്തിൽ ഞങ്ങൾക്കിടയിൽ മത്സരമില്ല.
പരാജയങ്ങളിൽ സഹായിക്കാനുള്ള മനസുണ്ടായിരുന്നെങ്കിലും പരസ്പരം പ്രയാസങ്ങളറിയിക്കാതെ ജീവിക്കാനാണ് ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നത്. അക്കാര്യത്തിൽ നിസാമും അങ്ങനെയാണ്. നിസാം നവാസിനെക്കാൾ എട്ട് വയസിന് ഇളയതാണ്.
ഇപ്പോൾ ചാനലിൽ വിഷ്വൽ എഡിറ്റർ ആയി വർക്ക് ചെയ്യുന്നു. ഒരു അനുജന്റെ തോന്നൽ ഞങ്ങൾക്ക് രണ്ടാൾക്കും തരുന്നത് അവനാണ്. ഞങ്ങൾ പ്രായത്തിൽ വലിയ വ്യത്യാസമില്ലാത്തതിനാൽ ഞങ്ങൾക്കിടയിൽ സഹോദര ബന്ധത്തേക്കാൾ സുഹൃദ് ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ നേരിൽ കാണുമ്പോൾ പ്രകടനപരമായ സ്നേഹം ഞങ്ങൾക്കിടയിലില്ല.
ഞങ്ങളുടെ തൊഴിൽ സംബന്ധിച്ച ചില കാര്യങ്ങൾ, കുടുംബകാര്യങ്ങൾ, അങ്ങനെ ചിലതൊക്കെ മാത്രം സംസാരിക്കും പിരിയും. ഇപ്പോഴവനുണ്ടായിരുന്നെങ്കിൽ.... മതിവരുവോളം കെട്ടിപ്പിടിച്ചു നിൽക്കണമെന്നുണ്ട്. കുറേ കാര്യങ്ങൾ സംസാരിച്ചിരിക്കണമെന്നുണ്ട്. പക്ഷേ...സർവേശ്വരൻ ഞങ്ങൾക്കനുവദിച്ചു തന്ന സമയം തീർന്നിരിക്കുന്നു.
ഇനി എത്ര ആഗ്രഹിച്ചാലും ഒരു കൊടുക്കൽ വാങ്ങലുകളും ഞങ്ങൾക്കിടയിൽ സാധ്യമല്ലല്ലോ.
ഒരു പങ്കുവയ്ക്കലുകൾക്കും അവസരം ഇല്ലല്ലോ...എന്റെ കൂടപ്പിറപ്പിനെ പടച്ചവൻ തിരിച്ചു വിളിച്ചു. ഇനി എനിക്കവന് നൽകാനുള്ളത് പ്രാർത്ഥന മാത്രമാണ്.
(നിന്റെ മരണത്തിനു മുൻപ് നിനക്ക് നൽകിയട്ടുള്ളതിൽ നിന്നും നീ മറ്റുള്ളവർക്കായ് ചിലവഴിക്കുക.) (ഖുറാൻ) അത് അറിവാണെങ്കിലും സമ്പത്താണെങ്കിലും ആരോഗ്യമാണെങ്കിലും സ്നേഹമാണെങ്കിലും നിസ്വാർത്ഥമായി പങ്കുവയ്ക്കേണ്ടതല്ലേ...? മരിച്ചവർക്കായ് പ്രാർത്ഥിക്കുവാനല്ലാതെ മറ്റൊന്നിനും നമുക്ക് കഴിയില്ല.
പ്രിയ സഹോദരരേ... എല്ലാ നിബന്ധനകളും മാറ്റി വച്ച് ജീവിച്ചിരിക്കുന്ന കൂടപ്പിറപ്പുകളെ കൂട്ടുകാരെ സഹ ജീവികളെയാകയും അതിരില്ലാത്ത സ്നേഹം പകർന്നു നൽകി ചേർത്തു നിർത്തുക. അവസാനകാലത്ത് ഓർത്ത് കരയാനെങ്കിലും ചില കടപ്പാടുകൾ ബന്ധങ്ങൾക്കിടയിൽ പരസ്പരം ഉണ്ടാക്കിവയ്ക്കുക. രക്തബന്ധങ്ങളിലെ കെട്ടുറപ്പിന് സർവ്വേശ്വരൻ ശക്തി നൽകട്ടെയെന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. നിറഞ്ഞ സ്നേഹത്തോടെ നിങ്ങളുടെ നിയാസ് ബക്കർ