"പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന ആ പയ്യനെ കമൽഹാസൻ വിളിച്ചു, കുറച്ച് കഴിഞ്ഞു കെട്ടിപിടിക്കുന്നതും കണ്ടു, അത് കണ്ട് യൂണിറ്റ് മുഴുവൻ അന്തം വിട്ടു'
Friday, September 26, 2025 11:11 AM IST
മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിന്റെ ലാളിത്യവും പെരുമാറ്റവും മലയാളിപ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാണ്. പിതാവിന്റെ സ്ഥാനമാനങ്ങളുടെയോ പണത്തിന്റെയോ വലുപ്പം കാണിക്കാതെ തന്റേതായ ജീവിതരീതികളുമായി മുന്നോട്ടുപോകുന്ന ആ താരപുത്രനെക്കുറിച്ച് ഒരു തമിഴ് മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്.
ദൃശ്യം സിനിമയുടെ തമിഴ് റീമേക്ക് ആയ പാപനാശം സിനിമയുടെ ചിത്രീകരണ വേളയിലെ പ്രണവിന്റെ പെരുമാറ്റത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. സെറ്റിൽ ഒരു അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച പ്രണവ് താനൊരു സൂപ്പർതാരത്തിന്റെ മകനാണെന്ന യാതൊരു ഭാവവുമില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്നും മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തി.
ആരാലും ശ്രദ്ധിക്കപ്പെടാതെ, എല്ലാ ജോലികളും ചെയ്ത് സെറ്റിൽ ഓടി നടക്കുന്ന ഒരു സാധാരണ അസിസ്റ്റന്റ് ഡയറക്ടറായി മാത്രമാണ് യൂണിറ്റിലെ പലരും പ്രണവിനെ കണ്ടിരുന്നത്. പ്രണവ് ആരാണെന്നുള്ള രഹസ്യം പുറത്തുവന്നത് സെറ്റിലുണ്ടായ ഒരു അപ്രതീക്ഷിത നിമിഷത്തിലാണ്.
ചിത്രീകരണത്തിനിടെ നടൻ കമൽഹാസൻ ആ ചെറുപ്പക്കാരനെ അടുത്തു വിളിക്കുകയും സ്നേഹത്തോടെ കെട്ടിപ്പിടിക്കുകയും ചെയ്തു. ഒരു അസിസ്റ്റന്റ് ഡയറക്ടറെ കമൽഹാസൻ ഇത്ര സ്നേഹത്തോടെ ചേർത്തണയ്ക്കുന്നത് എന്തിനാണ് എന്ന് സെറ്റിലുണ്ടായിരുന്ന പലരും അമ്പരന്നു പരസ്പരം ചോദിച്ചതായി മാധ്യമപ്രവർത്തകൻ പറയുന്നു.
ദൃശ്യം സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ ഒരു അസിസ്റ്റന്റ് ഡയറക്റ്റർ വളരെ ഡെഡിക്കേറ്റഡ് ആയി അവിടെയും ഇവിടെയും ഓടി നടന്ന് എല്ലാ പണികളും ചെയ്യുന്നത് കണ്ടു. അയാൾ മലയാളവും തമിഴും ചേർന്ന ഭാഷയിലാണ് സംസാരിച്ചത്.
തമിഴ് വളരെ നന്നായി സംസാരിക്കുന്നുണ്ടായിരുന്നു. അത് ആരാണെന്ന് എനിക്ക് മനസിലായില്ല. മലയാളിലായെന്ന് തോന്നി, തമിഴ് സംസാരിക്കുന്ന മലയാളി. യൂണിറ്റിലെ പലർക്കും അത് ആരാണെന്ന് അറിയില്ല. പക്ഷേ, കമൽ സാറിന് മാത്രം അറിയാം അത് ആരാണെന്ന്.
ഇടയ്ക്ക് ബ്രേക്ക് സമയത്ത് അയാൾ ഒരു തമിഴ് പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നത് കണ്ടു. കമൽ സാർ അയാളെ അടുത്തേക്ക് വിളിച്ചു, ‘‘തമിഴ് വായിക്കാൻ അറിയാമോ’’ എന്ന് ചോദിച്ചു. ‘‘അറിയാം സാർ, നന്നായി അറിയാം’’ എന്ന് പറഞ്ഞു.
അദ്ദേഹം ഈ പയ്യനെ കെട്ടിപ്പിടിച്ചു. യൂണിറ്റിലെ എല്ലാവരും അന്തംവിട്ടുപോയി! ആരെടാ ഈ എ ഡി, കമൽ സാർ കെട്ടിപ്പിടിക്കുന്നുണ്ടല്ലോ, എന്നായി എല്ലാവരും. പിന്നെയാണ് അറിഞ്ഞത്, ഇത് മോഹൻലാലിന്റെ മകൻ, പ്രണവ് മോഹൻലാൽ ആണെന്ന്.
ആരാലും അറിയപ്പെടാതെ യൂണിറ്റിൽ കഷ്ടപ്പെട്ട് ജോലിയെടുത്ത്, യൂണിറ്റിലെ എല്ലാവരും കഴിക്കുന്ന ഭക്ഷണവും കഴിച്ചാണ് പ്രണവ് അവിടെ കഴിഞ്ഞത്. അത് അദ്ദേഹത്തിന്റെ അച്ഛൻ പകർന്നുകൊടുത്ത എളിമയാണ്,’ മാധ്യമപ്രവർത്തകൻ പറഞ്ഞു.