ജോർജുകുട്ടിയെ അഭിനന്ദിച്ച് റാണിയും പിള്ളേരും; ദൃശ്യം 3 ലൊക്കേഷനിൽ നിന്നും ചിത്രങ്ങളുമായി മീന
Friday, September 26, 2025 2:54 PM IST
ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ അഭിനന്ദിച്ച് ദൃശ്യം 3യുടെ അണിയറപ്രവർത്തകർ. കുമരകത്ത് ചിത്രത്തിന്റെ സെറ്റിലായിരുന്നു ആഘോഷം. പൊന്നാട അണിയിച്ചാണ് മോഹൻലാലിനെ ആദരിച്ചത്.
ആഘോഷത്തിന്റെ ചിത്രങ്ങൾ നടി മീന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ദൃശ്യത്തിലെ കഥാപാത്രങ്ങളുടെ ലുക്കിലാണ് മോഹൻലാലിനെയും മീനയെയും കാണാനാകുക.
അൻസിബ ഹസൻ, എസ്തർ, ഇർഷാദ്, ജീത്തു ജോസഫ്, സിദ്ധു പനയ്ക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
‘‘ലാലേട്ടനെ ഒരു സഹതാരമെന്ന് വിളിക്കുന്നത് ബഹുമതിയാണ്, എന്നാൽ അദ്ദേഹത്തെ ഒരു സുഹൃത്തെന്ന് വിളിക്കുന്നത് അനുഗ്രഹവും. അദ്ദേഹത്തിന്റെ അർപ്പണബോധവും പ്രതിഭയും ഓരോ കഥാപാത്രങ്ങളിലും ശോഭിക്കുന്നു. സൗഹൃദത്തിന്റെയും സിനിമയുടെയും ഈ മനോഹരമായ യാത്രയിലെ മറ്റൊരു അധ്യായമാണ് ദൃശ്യം. ലാലേട്ടാ, നിങ്ങളെക്കുറിച്ച് വലിയ അഭിമാനമുണ്ട്. ദൃശ്യം മൂന്നാം ഭാഗത്തിനായി വലിയ ആകാംക്ഷയിലാണ്.’’മീനയുടെ വാക്കുകൾ.
മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ. ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. കോട്ടയം, തൊടുപുഴ, കാഞ്ഞാർ, വാഗമൺ, കുട്ടിക്കാനം എന്നിവടങ്ങളാണ് ലൊക്കേഷൻ.