പേമാരിയും മണ്ണിടിച്ചിലും; ഹിമാചലിൽ കുടുങ്ങി മഞ്ജു വാര്യരും സംഘവും
Tuesday, August 20, 2019 12:19 PM IST
മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിൽ കുടുങ്ങി നടി മഞ്ജു വാര്യർ അടക്കമുള്ള സിനിമാ സംഘം. കയറ്റം എന്ന സിനിമ ചിത്രീകരണത്തിന് ഹിമാലയൻ താഴ്വരയിലെ ഛത്രുവിൽ എത്തിയ സംഘമാണ് കുടുങ്ങിയത്. സംവിധായകൻ സനൽ കുമാർ ശശിധരനും മഞ്ജുവും അടക്കം മുപ്പത് പേരാണ് സംഘത്തിലുള്ളത്.
മൂന്നാഴ്ചയായി മഞ്ജുവും സംഘവും എവിടെ എത്തിയിട്ട്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം സംഘത്തിന് യാത്ര ചെയ്യാനാകാത്ത സാഹചര്യമാണ്. സംഘാംഗങ്ങൾക്ക് രണ്ട് ദിവസത്തേക്ക് ആവശ്യമായ ഭക്ഷണ മാത്രമേ കൈവശമുള്ളതെന്ന് സഹോദരൻ മധുവാര്യരെ സാറ്റലൈറ്റ് ഫോണിലൂടെ വിവരം അറിയിച്ചിരുന്നു.
ഹിമാചലിലെ റോഡുകളെല്ലാം തകർന്നു കിടക്കുകയാണ്. മണ്ണിടിച്ചിൽ കാരണം ഗതാഗതം തടസ്സപ്പെട്ട ഇടങ്ങളിൽ തൽക്കാലിക റോഡ് നിർമ്മിച്ചാണ് ആളുകളെ പുറത്ത് എത്തിക്കാൻ ശ്രമിക്കുന്നത്. സിസുവിൽ കുടങ്ങിപ്പോയ മലയാളികൾ ഉൾപ്പെടെയുള്ള ബൈക്ക് യാത്രാസംഘം കഴിഞ്ഞദിവസം സുരക്ഷിതരായി മണാലിയിൽ എത്തിയിരുന്നു.