പുലിമുരുകൻ ടീം വീണ്ടും; അണിയറയിൽ ബ്രഹ്മാണ്ഡ ചിത്രമൊരുങ്ങുന്നു
Monday, October 7, 2019 11:33 AM IST
പുലിമുരുകൻ റിലീസ് ചെയ്ത് മൂന്ന് വർഷം തികയുന്ന വേളയിൽ പുതിയ മോഹൻലാൽ ചിത്രം പ്രഖ്യാപിച്ച് നിർമാതാവ് ടോമിച്ചൻ മുളകുപാടം. "പുലിമുരുകൻ' ടീം തന്നെയാണ് പുതിയ ചിത്രത്തിന്‍റെ അണിയറയിലും. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് നിർമാതാവ് ഫേസ്ബുക്ക് പേജിൽ കുറിച്ചു.
2016 ഒക്ടോബറിൽ തീയറ്ററിൽ എത്തിയ പുലിമുരുകൻ മലയാളത്തിലെ കളക്ഷൻ റിക്കാർഡുകളെല്ലാം ഭേദിച്ചിരുന്നു. നൂറുകോടി ക്ലബിൽ ഇടം നേടിയ ആദ്യ മലയാള ചിത്രമെന്ന ഖ്യാതി റിക്കോർഡ് നേടിയ ചിത്രം പിന്നീട് 150 കോടി ക്ലബിലും ഇടംപിച്ചു. 152 കോടി രൂപയാണ് ചിത്രം ആകെ നേടിയത്.
മോഹൻലാലിന്‍റെ നായികയായി കമാലിനി മുഖർജി വേഷമിട്ട ചിത്രത്തിൽ ജഗപതി ബാബു, ലാൽ, വിനു മോഹൻ, ബാല, സുരാജ് വെഞ്ഞാറമൂട്, തെന്നിന്ത്യൻ നായിക നമിത, മകരന്ദ് ദേശ്പാണ്ഡെ, നന്ദു, എം.ആർ.ഗോപകുമാർ, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, ശശി കലിങ്ക, സുധീർ കരമന, നോബി, സിദ്ധിഖ്, ഹരീഷ് പേരടി, മാസ്റ്റർ അജാസ് തുടങ്ങി വമ്പൻ താരനിരയും അണിനിരന്നിരുന്നു.