ആ സസ്പെൻസ് അവസാനിച്ചു; കമലയുടെ മുഖം തെളിഞ്ഞു
Saturday, October 26, 2019 7:23 PM IST
അജു വർഗീസിനെ നായകനാക്കി രഞ്ജിത് ശങ്കർ ഒരുക്കുന്ന പുതിയ ചിത്രമാണ് കമല. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടതു മുതൽ നായികയെക്കുറിച്ച് സസ്പെൻസ് നിലനിന്നിരുന്നു. പിന്നീട് വന്ന പോസ്റ്ററുകളിലും നായികയുടെ മുഖം മാത്രം തെളിഞ്ഞിരുന്നില്ല. എന്നാലിപ്പോൾ അണിയറപ്രവർത്തകർ തന്നെ ആ സസ്പെൻസ് അവസാനിപ്പിച്ചിരിക്കുകയാണ്. നായികയുടെ മുഖം ദൃശ്യമാകുന്ന പുതിയ പോസ്റ്റർ അജു വർഗീസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. പുതുമുഖതാരം റുഹാനി ശർമയാണ് ചിത്രത്തിൽ നായികാവേഷത്തിലെത്തുന്നത്.
നായികാ പ്രാധാന്യമുള്ള ചിത്രമാണ് കമലയെന്നാണ് വിലയിരുത്തൽ. ത്രില്ലർ സ്വഭാവത്തിൽ ഒരുക്കുന്ന കമലയിൽ സഫർ എന്ന കഥാപാത്രത്തെയാണ് അജു വർഗീസ് അവതരിപ്പിക്കുന്നത്. അനൂപ് മേനോനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. സംവിധായകൻ തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡ്രീസ് ആൻഡ് ബിയോണ്ട്സിന്‍റെ ബാനറിലാണ് കമല ഒരുക്കിയിരിക്കുന്നത്.