നിർമാതാക്കൾക്ക് മനോരോഗമെന്ന പരാമർശത്തിൽ മാപ്പു പറഞ്ഞ് ഷെയ്ൻ നിഗം
Wednesday, December 11, 2019 4:15 PM IST
നിർമാതാക്കൾക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പു പറഞ്ഞ് നടൻ ഷെയ്ൻ നിഗം. ഫേസ്ബുക്ക് പേജിലൂടെയാണ് വിവാദ പരാമർശത്തിന് ഷെയ്ൻ മാപ്പപേക്ഷ നടത്തിയത്. ഐഎഫ്എഫ്കെ വേദിയിൽ വച്ച് നടത്തിയ പ്രസ്താവന വലിയ തോതിൽ തെറ്റിധരിക്കപ്പെട്ടെന്ന് ഷെയ്ൻ കുറിച്ചു.
സിനിമയിൽ വിലക്കുകല്പിച്ച നിർമാതാക്കൾക്ക് മനോരോഗമാണോ മനോവിഷമമാണോ എന്ന ഷെയ്നിന്റെ പരാമർശമാണ് വിവാദമായത്. സിനിമ മുടങ്ങിയതിൽ നിർമാതാക്കളുടെ മനോവിഷമത്തെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു രാജ്യാന്തര ചലച്ചിത്രമേളയ്ക്കെത്തിയ നടന്റെ വിവാദപ്രതികരണം.
നിർമ്മാതാക്കൾക്ക് മനോവിഷമമാണോ മനോരോഗമാണോ എന്ന് ചോദിച്ചത് സത്യമാണെന്നും സ്വതസിദ്ധമായ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയതെന്നും ഷെയ്ൻ വ്യക്തമാക്കി. ആ വാക്കുകളിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നുവെന്ന് കുറിച്ച ഷെയ്ൻ തന്നെക്കുറിച്ച് നിർമാതാക്കൾ മുൻപ് പറഞ്ഞ വാക്കുകളൊന്നും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് വിശ്വാസമെന്നും പറയുന്നുണ്ട്.
അന്ന് താൻ ക്ഷമിച്ചപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഉള്ളതെന്നും ക്ഷമയാണ് എല്ലാത്തിലും വലുത് എന്ന് വിശ്വസിക്കുന്നുവെന്നും കൂട്ടിച്ചേർത്താണ് ഷെയ്ന്റെ പോസ്റ്റ് അവസാനിക്കുന്നത്.