ഒപ്പം നിന്നവർക്ക് നന്ദി.. ഫാൻഫൈറ്റുകളിലേക്ക് വലിച്ചിഴക്കരുതെന്ന് ഷെയ്ൻ നിഗം
Thursday, October 17, 2019 11:02 AM IST
നിര്‍മാതാവ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന വെളിപ്പെടുത്തലിനു പിന്നാലെ തന്നെ പിന്തുണച്ച് രംഗത്തെത്തിയവർക്ക് നന്ദിയറിയിച്ച് നടൻ ഷെയ്ൻ നിഗം. ഒരു വിഷമഘട്ടത്തിൽ തോളോട് തോൾ ചേർന്ന് ഒപ്പം നിന്ന എല്ലാവരോടും സ്നേഹമുണ്ടെന്നും നന്ദിയുണ്ടെന്നും ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചു.
ഈ വിഷയത്തിൽ പല താര ആരാധകരുടെ ആവശ്യമില്ലാതെയുള്ള പഴിചാരലുകളിലും ഫാൻ ഫൈറ്റുകളിലേക്കും ദയവ് ചെയ്തു തന്നെ കരുവാക്കരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു.
ഷെയ്ന്റെ വെളിപ്പെടുത്തലിനു പിന്നാലെ വിഷയത്തിൽ തന്റെ ഭാഗം ന്യായീകരിച്ച് ജോബി ജോർജ് രംഗത്തു വന്നിരുന്നു. കഴിഞ്ഞ ആറു ദിവസമായി പനി പിടിച്ച് കിടപ്പിലായിരുന്നുവെന്നും ആരോപണത്തിൽ പറയുന്നതൊന്നും സത്യമല്ലെന്നുമായിരുന്നു ജോബി ഫേസ്ബുക്കിലൂടെ നടത്തിയ വിശദീകരണം.
ജോബിയുടെ സിനിമയുമായി ബന്ധപ്പെട്ട് നീട്ടി വളർത്തിയ മുടി മറ്റൊരു സിനിമയ്ക്കായി മുറിച്ചതാണ് വധ ഭീഷണിക്കു കാരണമെന്ന് ഷെയ്ൻ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെയാണ് വെളിപ്പെടുത്തിയത്.
ഇതിനു പിന്നാലെ ജോബിക്കെതിരെ വിവിധ കോണുകളിൽ നിന്ന് രൂക്ഷ വിമർശനമാണ് ഉയർന്നത്. ഷെയ്ൻ നിഗത്തെ പിന്തുണച്ച് നിരവധി സിനിമാ പ്രവർത്തകരും ആരാധകരും ചലച്ചിത്രാസ്വാദകരും രംഗത്തെത്തിയിരുന്നു.