മുൻ ഭാര്യയുടെ പരാതി: നടൻ ബാല അറസ്റ്റിൽ
Monday, October 14, 2024 9:09 AM IST
മുന്‍ ഭാര്യയുടെ പരാതിയിൽ നടൻ ബാലയെ പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ കടവന്ത്ര പോലീസാണ് നടനെ അറസ്റ്റു ചെയ്തത്.
മകളെയും തന്നെയും പിന്തുടര്ന്ന് ശല്യം ചെയ്തെന്നും യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്. നടനെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് പുലര്‍ച്ചെയാണ് ബാലയെ ഇടപ്പള്ളിയിലെ ഫ്ലാറ്റില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ കടവന്ത്ര പോലീസ് സ്റ്റേഷനിലാണ് ബാലയെ എത്തിച്ചിരിക്കുന്നത്. ബാലയും സുഹൃത്തുക്കളുമാണ് ഇപ്പോള്‍ പോലീസ് സ്റ്റേഷനിലുള്ളത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. വൈകിട്ടോടെ ബാലയെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മുന്‍ ഭാര്യയുടെ പരാതി ഏറെ ഗൗരവമുള്ളതാണെന്നാണ് പോലീസ് പറയുന്നത്. ബന്ധം വേര്‍പെടുത്തിയ ശേഷവും അവരെയും മകളെയും പിന്തുടര്ന്ന് ശല്യം ചെയ്തു എന്നതാണ് പരാതി. ഈ വിഷയത്തില്‍ മകള്‍ തന്നെ പരസ്യമായി ബാലയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൗത്ത് പോലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ കേസ് അങ്ങോട്ടേക്ക് കൈമാറാനുള്ള സാധ്യതയുമുണ്ട്.