"വെറുപ്പിക്കാന്‍ വെറും രണ്ടു സെക്കന്‍ഡ് മതി! എത്ര തെറിവിളിച്ചാലും എനിക്ക് അവരോട് സ്നേഹം മാത്രമേ ഉള്ളൂ'
Monday, June 27, 2022 11:36 AM IST
ധ്യാന്‍ ശ്രീനിവാസന്‍റെ സിനിമകളേക്കാള്‍ ആരാധകര്‍ക്കിഷ്ടം അദ്ദേഹത്തിന്‍റെ അഭിമുഖങ്ങളാണെന്ന് പലപ്പോഴും പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ അഭിമുഖങ്ങള്‍ നല്‍കി സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവുകയും ചെയ്യാറുണ്ട് നടന്‍. അത്തരത്തിലൊരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

തിരുവമ്പാടി എന്ന നാടിനെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് നടനെതിരെ നിരവധിപേര്‍ രംഗത്ത് വന്നത്. ഇപ്പോള്‍ അതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ധ്യാന്‍. സമൂഹമാധ്യമത്തിലൂടെയാണ് താരം വിശദീകരണം നല്‍കിയത്.

ധ്യാന്‍ ശ്രീനിവാസന്‍റെ വാക്കുകള്‍

ഏറെ പ്രിയപ്പെട്ട തിരുവമ്പാടിക്കാരോട്,
ഞാന്‍ ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞ കാര്യം നിങ്ങളില്‍ പലര്‍ക്കും വിഷമമുണ്ടാക്കി എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഈ പോസ്റ്റ്. ആ ഇന്‍റർവ്യൂ കണ്ടു കാണുമല്ലോ? കോവിഡ് കാലത്തെ ഷൂട്ട് എങ്ങനെ ഉണ്ടായിരുന്നു എന്നായിരുന്നു അതിലെ ചോദ്യം.

എന്‍റെ കൂടെ ഉണ്ടായിരുന്ന ഗോവിന്ദ് പറഞ്ഞത് ഇതായിരുന്നു. ഒരു മലയുടെ മുകളില്‍ കയറിയതിന് പിന്നെ അവിടെ തന്നെ ആയിരുന്നു. കൊറോണ വന്നത് പോലും അറിയാത്ത ആള്‍ക്കാരാണ് അവിടെ എന്നാണ് ഞാന്‍ പറഞ്ഞ കാര്യം.

കോഴിക്കോട്, നിലമ്പൂര്‍, മുക്കം, തിരുവമ്പാടി, ആനക്കാംപൊയില്‍, പൂവാറംതോട് എന്നിങ്ങനെ പല സ്ഥലങ്ങളിലാണ് ഞങ്ങള്‍ ആ സിനിമ ഷൂട്ട് ചെയ്തത്. തിരുവമ്പാടിയും പൂവാറംതോടും കഴിഞ്ഞ് ഒരു കുന്നിന്‍റെ മുകളിലുള്ള വീട്ടിലായിരുന്നു പകുതിയോളം ദിവസം ഷൂട്ടിംഗ് നടത്തിയത്.

അവിടെ അധികം വീടുകള്‍ ഇല്ലാത്തതിനാല്‍ ആള്‍ക്കാരും പൊതുവേ കുറവായിരുന്നു. കൊറോണ അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന സമയം ആയിരുന്നിട്ട് പോലും ചുറ്റുവട്ടത്തുള്ള ആരും തന്നെ മാസ്ക് വെച്ചതായി കണ്ടില്ല.

ഒരു ദിവസം അവിടെ ഷൂട്ട് കാണാന്‍ വേണ്ടി വന്ന കുറച്ചു പിള്ളേരോട് ''ഡാ ഇവിടെ ആരും മാസ്ക് ഒന്നും വെക്കാറില്ലേ?'' എന്ന് ഞാന്‍ ചോദിച്ചു. എന്ത് മാസ്ക് ചേട്ടാ എന്ന് അവര്‍ തിരിച്ചു ചോദിച്ചു. നിങ്ങള്‍ കൊറോണ വന്നതൊന്നും അറിഞ്ഞില്ലേ എന്ന് ഞാന്‍ അപ്പോള്‍ ചോദിച്ചു. തിരിച്ച് അവന്‍ എന്നോട് അല്ല നിങ്ങളും വെച്ചിട്ടില്ലല്ലോ? നിങ്ങളും അറിഞ്ഞില്ലേ ഭായ്? എന്ന് ഒരു മറുചോദ്യം. ഞാനും ചിരിച്ചു. അവരും ചിരിച്ചു. ഒരു ഫോട്ടോ എടുത്തു പോയി.

ഞാന്‍ ഈ പറഞ്ഞതും ഉദ്ദേശിച്ചതുമായ സ്ഥലം ഏകദേശം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒതുങ്ങി നില്‍ക്കുന്ന കുറച്ച് ഉള്ളിലേക്ക് കയറി നില്‍ക്കുന്ന സ്ഥലമാണ്. താഴോട്ട് വന്നാലാണ് തിരുവമ്പാടി ടൗണും മുക്കവുമെല്ലാം. അവിടെ ഒക്കെ ഉള്ള എല്ലാവരും തന്നെ മാസക് ധരിക്കുകയും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും ചെയ്തിരുന്നു.

പിന്നീട് കോഴിക്കോട് ഉള്‍പ്പെടെ ആ ജില്ലയിലെ പല ഭാഗങ്ങളില്‍ ആ സിനിമ ഷൂട്ട് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ ആ ജില്ലയിലെ മുഴുവന്‍ ആള്‍ക്കാരുടെയും തെറി കേള്‍ക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. 'ഡാ ചെറ്റേ കോഴിക്കോട് ഓണംകേറാ മൂലയാണോടാ?

മുക്കം ഓണംകേറാ മൂലയാണോടാ തെണ്ടി..? ഇനി നീ തിരുവമ്പാടിക്ക് വാ.. കാണിച്ച് തരാം..' എന്നിങ്ങനെ ആ ജില്ല വിട്ട് മലപ്പുറത്ത് നിന്നും നിലമ്പൂര്‍ നിന്നുമെല്ലാം തെറിയാണ്. ക്ലൈമാക്സ് ഷൂട്ട് ചെയ്തത് നിലമ്പൂര്‍ ആയിരുന്നു..!

ഞാന്‍ അമേരിക്കയില്‍ നിന്നും വന്ന സായിപ്പൊന്നുമല്ല. ഞാനും മലബാറുകാരനാണ്.. കണ്ണൂര്‍ക്കാരനാണ്. അത് കൊണ്ട് തന്നെ എന്‍റെ സ്വന്തം നാട്ടില്‍ ഷൂട്ട് ചെയ്യുന്നത് പോലെ തന്നെയായിരുന്നു അവിടെയും. മലബാറുകാരോട് എന്നും സ്നേഹക്കൂടുതല്‍ തന്നെയുള്ളു.

വെറുപ്പിക്കാന്‍ വെറും രണ്ട് സെക്കന്‍ഡ് മതി. ഞാന്‍ നിങ്ങളെ വെറുപ്പിച്ചിട്ടുണ്ടെങ്കില്‍.. ഇനി ഇപ്പോള്‍ എത്ര തെറി വിളിച്ചാലും എനിക്ക് അവിടെ ഉള്ള ആള്‍ക്കാരോട് നന്ദിയും സ്നേഹവും മാത്രമേ ഉള്ളൂ. അവിടെ ഉള്ള ആള്‍ക്കാരുടെ സഹകരണം ഇല്ലായിരുന്നുവെങ്കില്‍ ഈ സിനിമ സംഭവിക്കില്ലായിരുന്നു.

അപ്പോള്‍ പറഞ്ഞ് വന്നത് ഒരു ഇന്റര്‍വ്യൂവിന്‍റെ ഒരു ചെറിയ ഭാഗം മാത്രം കട്ട് ചെയ്ത പ്രചരിപ്പിച്ചത് കൊണ്ട് ഞാനും ഒരു ഇന്റര്‍വ്യൂവിന്‍റെ ചെറിയ ഭാഗം കട്ട് ചെയ്ത് ഇതിന്‍റെ താഴെ കൊടുക്കുന്നുണ്ട്. അത് കൂടെ ഒന്ന് കാണണം..! അതേ ദിവസം കൊടുത്ത മറ്റൊരു ഇന്‍റര്‍വ്യൂ.

PS: നല്ലത് പറയുന്നത് കേള്‍ക്കാന്‍ പൊതുവേ ആളുകള്‍ കുറവാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.