ഇത് ഞങ്ങൾ രണ്ടുപേരുടെയും രണ്ടാം ഇന്നിംഗ്സ്; സന്തോഷം പങ്കുവച്ച് ഷെഫ് പിള്ളയ്ക്കൊപ്പം ലെനയും പ്രശാന്ത് നായരും; വീഡിയോ
Thursday, February 29, 2024 9:23 AM IST
നടി ലെനയുടെയും ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെയും വിവാഹവിരുന്നിൽ പങ്കെടുത്ത് ഷെഫ് സുരേഷ് പിള്ള. ഇരുവർക്കുമൊപ്പമുള്ള വീഡിയോ പങ്കുവച്ചാണ് സുരേഷ് പിള്ള ആശംസകളുമായെത്തിയത്. ലെനയും ഭർത്താവും ചേർന്ന് കേക്ക് മുറിക്കുന്നതും പരസ്പരം സ്നേഹം കൈമാറുന്നതും വീഡിയോയിൽ കാണാം.
പ്രശാന്ത് നായരുടെ വാക്കുകളും ഷെഫ് പിള്ള വീഡിയോയിൽ പങ്കുവച്ചിട്ടുണ്ട്. തങ്ങളുടെ രണ്ടുപേരുടെയും രണ്ടാം ഇന്നിംഗ്സാണിതെന്നും ഏവരുടെയും അനുഗ്രഹം വേണമെന്നും അദ്ദേഹം പറയുന്നുണ്ട്.
എല്ലാവർക്കും നന്ദി, ഞങ്ങളുടെ ഏറ്റവും സന്തോഷകരമായ ദിവസത്തിൽ പങ്കുചേർന്നതിന്. ഞങ്ങൾ രണ്ടുപേരുടെയും രണ്ടാമത്തെ ഇന്നിംഗ്സാണ് ഇത്. നിങ്ങളോടെല്ലാം ചേർന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു ഇത് ഞങ്ങളുടെ എക്കാലത്തേയ്ക്കും വേണ്ടിയുള്ള ഇന്നിംഗ്സ് ആയിരിക്കും. പ്രശാന്ത് നായർ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെയാണ് ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ഗഗൻയാൻ യാത്രികരെ പ്രധാനമന്ത്രി ലോകത്തിന് പരിചയപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമാണ് ലെന തന്റെ വിവാഹവാർത്ത പരസ്യമാക്കിയത്.
നാലംഗ സംഘമാണ് യാത്രയ്ക്ക് തയാറെടുക്കുന്നത്. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്താണ് സംഘത്തിലെ ഏക മലയാളി.
വിഎസ്എസ്സിയിൽ നഠന്ന ചടങ്ങിൽ പ്രശാന്തിന്റെ കുടുംബാംഗങ്ങൾക്കൊപ്പം ലെനയും പങ്കെടുത്തിരുന്നു. നാഷണൽ ഡിഫൻസ് അക്കാദമിയിലെ (എൻഡിഎ) പഠനത്തിന് ശേഷം 1999 ജൂണിലാണ് പ്രശാന്ത് വ്യോമസേനയിൽ ചേർന്നത്. സുഖോയ് യുദ്ധവിമാന പൈലറ്റാണ്.
1998-ൽ പുറത്തിറങ്ങിയ ജയരാജ് സംവിധാനം ചെയ്ത "സ്നേഹം' എന്ന ചിത്രത്തിലൂടെയാണ് ലെന സിനിമാ ലോകത്ത് എത്തുന്നത്. ഇതുവരെ നൂറിലധികം ചിത്രങ്ങളിൽ തിളങ്ങിയ താരം നിരവധി ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.
2004 ജനുവരി 16-ന് മലയാള സിനിമയിലെ സ്ക്രീൻ റൈറ്റർ അഭിലാഷ് കുമാറിനെ ലെന വിവാഹം ചെയ്തിരുന്നു. പിന്നീട് ഉഭയകക്ഷി സമ്മതപ്രകാരം ഇരുവരും ബന്ധം വേർപെടുത്തുകയായിരുന്നു.