അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്ന സംഭവത്തിൽ പ്രതികരണവുമായി നിർമാതാവ് ലിസ്റ്റിന് സ്റ്റീഫൻ. വീട്ടിലിരുന്ന് അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ പതിപ്പ് കാണുന്ന വീഡിയോയാണ് ലിസ്റ്റിൻ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.
സംവിധായകന്റെയും നിർമാതാവിന്റെയും നൂറിലധികം വരുന്ന ഒരു ടീമിന്റെയും സ്വപ്നങ്ങളും അധ്വാനവും ഒന്നുമല്ലാതാക്കുന്ന കാഴ്ചയാണ് ഈ കാണേണ്ടി വരുന്നതെന്ന് ലിസ്റ്റിൻ കുറിച്ചു.
നന്ദി ഉണ്ട്....ഇങ്ങനെ പ്രചരിപ്പിക്കുന്നത്തിൽ ഒരുപാട് ഒരുപാട് നന്ദി ഉണ്ട്. ഇന്നത്തെ ദിവസം കൊണ്ട് 50 കോടി ക്ലബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥയാണ്. വീട്ടിൽ ഇരുന്ന് തിയറ്റർ പ്രിന്റ് കാണുകയും സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റും ചെയ്യുന്നു.
150 ദിവസങ്ങൾക്ക് മേലെ ഷൂട്ടിംഗ്, ഒന്നര വർഷത്തെ പോസ്റ്റ് പ്രൊഡക്ഷൻ, എട്ടു വർഷത്തെ സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും സ്വപ്നം, ഇൻവസ്റ്റ് ചെയ്ത നിർമാതാക്കൾ, നൂറിലധികം വരുന്ന ടീമിന്റെ സ്വപ്നം, അധ്വാനം എല്ലാം ഒന്നും അല്ലാതെ ആക്കുന്ന കാഴ്ച ആണ് ഈ കാണേണ്ടി വരുന്നത്. മലയാള സിനിമയെ നശിപ്പിക്കുന്നു എന്നല്ലാതെ കൂടുതൽ ആയി വേറെ എന്തു പറയാനാ...ഈ നേരവും കടന്നു പോവും.
കേരളത്തിൽ 90 ശതമാനം എആർഎം കളിക്കുന്നതും 3D ആണ്, നൂറ് ശതമാനം തിയറ്റർ എക്സ്പീരിയൻസ് അനുഭവിക്കേണ്ട സിനിമയാണ്. ഒരിക്കലും ഇങ്ങനെ ചെയ്തു കൊണ്ട് നശിപ്പിക്കരുത് പ്ലീസ്.
Nb: കുറ്റം ചെയ്യുന്നതും ചെയ്തത് പ്രചരിപ്പിക്കുന്നതും കുറ്റകരം തന്നെ ആണ്. ലിസ്റ്റിന്റ വാക്കുകൾ ഇങ്ങനെ.
നേരത്തെ ഒരു ട്രെയിൻ യാത്രികൻ മൊബൈലിൽ ഇതേ സിനിമയുടെ വ്യാജ പതിപ്പ് കാണുന്ന ദൃശ്യങ്ങൾ സംവിധായകൻ ജിതിൻലാൽ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ഹൃദയ ഭേദകമായ കാഴ്ചയാണെന്ന അടിക്കുറിപ്പോടെയാണ് ജിതിൻ ദൃശ്യം പങ്കുവച്ചത്. വ്യാജ പതിപ്പിനെതിരെ പോലീസിൽ പരാതി നൽകുമെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഭാഷകളുടെ വ്യാജ പകർപ്പും പുറത്തിറങ്ങിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.