പൃഥ്വിരാജിനെ അമ്മ പ്രസിഡന്റ് ആക്കണ്ടെന്നും അതിന് അർഹതപ്പെട്ടവർ മുതിർന്ന തലമുറയിലുണ്ടെന്നും മല്ലിക സുകുമാരൻ. പൃഥ്വിരാജ് അവന്റെ ജോലി ചെയ്ത് ജീവിച്ചോട്ടെയെന്നും ഇത്രയും കാലം തോന്നാത്ത ഒരു സ്നേഹം ഈ കാര്യത്തിൽ എന്തിനാണെന്ന് അറിയില്ലെന്നും മല്ലിക പറയുന്നു.
അമ്മ ഭരണസമിതി പിരിച്ചു വിട്ട ദിവസം പൃഥ്വിരാജ് അടുത്ത പ്രസിഡന്റാവണമെന്ന് നടി ശ്വേതാ മേനോൻ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചാണ് മല്ലിക പറഞ്ഞത്. "രാജു കുറേ കാലമായി ഇവിടെയുണ്ട്. ഇത്രയും കാലം തോന്നാത്ത ഒരു സ്നേഹം ഈ കാര്യത്തിൽ എന്തിനാണെന്ന് അറിയില്ല. അവൻ ജോലി ചെയ്ത് ജീവിക്കട്ടെ. എല്ലാവരും ബഹുമാനിക്കുന്ന ഒരുപാട് താരങ്ങൾ ഇവിടെയുണ്ട്. അവർ തന്നെ ഭരിക്കട്ടെ.
തെരഞ്ഞെടുപ്പിലൂടെ നല്ലയാളുകൾ തന്നെ ഭരണത്തിൽ വരേണ്ടതുണ്ട്. ഓരോരുത്തരുടേയും കഴിവ് നോക്കി വോട്ട് ചെയ്താൽ കുഴപ്പമില്ല. എന്നാൽ ഭരണത്തിലെത്തുവാൻ വേണ്ടി അവർ വളഞ്ഞ വഴികൾ സ്വീകരിക്കുമ്പോഴാണ് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവുന്നത്. അവർ തെറ്റുകൾ ചെയ്യുന്നത് കൊണ്ട് മാത്രമല്ല സംസാര രീതിയും തെറ്റായ ഭാഷയുമെല്ലാം ഇത്തരത്തിൽ കുഴപ്പമാണ്. അതിനാൽ തന്നെ ഇപ്പോൾ പലരും ഉന്നയിച്ച ആരോപണങ്ങളെ പൂർണമായും തള്ളിക്കളയാൻ സാധിക്കില്ല.
അത്രയും മോശം അനുഭവങ്ങൾ ഉണ്ടായതിനാലാണ് ഇതെല്ലാം തുറന്നു പറയേണ്ടി വന്നത്. അതുകൊണ്ട് ഈ വിഷയത്തിൽ സർക്കാർ ഇടപെട്ട് കൃത്യമായ പരിഹാരം നൽകേണ്ടതുണ്ട്.
ഇപ്പോൾ മലയാള സിനിമയിൽ നടക്കുന്നതെല്ലാം പത്തോ പതിനഞ്ചോ വർഷങ്ങൾ കൊണ്ടുണ്ടായ സംഭവങ്ങളാണ്. അല്ലാതെ ഇങ്ങനെയൊരു ബഹളങ്ങളൊന്നും ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഈ തുറന്നു പറച്ചിലുകൾ നടക്കിയ കുട്ടികൾ നേരിട്ട ദുരനുഭവങ്ങൾ സത്യസന്ധമാണെങ്കിൽ തീർച്ചയായും അത് അന്വേഷിക്കണം. എന്നാൽ ഏതൊരു വശത്തിനും മറു വശം ഉണ്ടെന്ന് പറയുന്ന പോലെ ഈ വിഷയത്തിലും രണ്ട് വശങ്ങളുണ്ട്.
ഒരു നടന്റെ പേര് പറഞ്ഞ് ആരോപണം ഉന്നയിക്കുകയും പിന്നീട് അതേ വ്യക്തി ആ നടന്റെ പേര് തിരുത്തുകയും ചെയ്തിട്ടുണ്ട്. അതും തെറ്റായ കാര്യമല്ലേ. അതിനാൽ അങ്ങനെ തെറ്റുകൾ അവർക്കും സംഭവിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം.
ഇല്ലെങ്കിൽ നഷ്ടമാവുന്നത് ഒരു കുടുംബമാവും. ഒരു വ്യക്തിയുടെ ഭാര്യ, കുട്ടികൾ അവരുടെയെല്ലാം ജീവിതത്തിലെ സമാധാനമാണ് തെറ്റായ ആരോപണങ്ങളിലൂടെ നശിക്കുന്നത്. ഒരു വാക്ക് മതി എല്ലാം അവസാനിക്കാൻ.മല്ലിക സുകുമാരൻ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.