ആരാധികമാരെ വേദനിപ്പിക്കാൻ വയ്യ; ഉടനൊന്നും വിവാഹം കഴിക്കില്ലെന്ന് പ്രഭാസ്
Saturday, May 25, 2024 10:17 AM IST
ആരാധികമാരെ വേദനിപ്പിക്കാൻ വയ്യെന്നും ഉടനൊന്നും വിവാഹം കഴിക്കുന്നില്ലെന്നും നടൻ പ്രഭാസ്. താരത്തിന്റെ വിവാഹത്തിനെ ചുറ്റിപ്പറ്റി നിരവധി വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് പ്രഭാസിന്റെ പുതിയ വെളിപ്പെടുത്തൽ.
എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നുവെന്ന് ഇൻസ്റ്റഗ്രാമിലൂടെ പ്രഭാസ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരം വിവാഹിതനാകാൻ പോകുകയാണെന്ന് ആരാധകരടക്കം ചർച്ചയാക്കിയത്.
കല്‍ക്കി 2898 എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് നടന്റെ പ്രതികരണം. "ആരാധികമാരെ വേദനിപ്പിക്കാൻ വയ്യ. അതിനാൽ ഉടൻ ഒന്നും വിവാഹം കഴിക്കില്ല' എന്നാണ് പ്രഭാസ് പറഞ്ഞത്.
പ്രിയപ്പെട്ടവരേ, ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഒരുങ്ങുന്നു. കാത്തിരിക്കൂ. പ്രഭാസ് നേരത്തെ ഇൻസ്റ്റയിൽ കുറിച്ചത് ഇങ്ങനെ.
ബാഹുബലി ആദ്യഭാഗം പുറത്തിറങ്ങിയതിന് ശേഷം പ്രഭാസിന് ഏകദേശം ആറായിരത്തോളം വിവാഹാലോചനകളാണ് വന്നതെന്നായിരുന്നു തെലുങ്ക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ പ്രഭാസും നടി അനുഷ്ക ഷെട്ടിയും പ്രണയത്തിലാണെന്ന വാർത്തകളും ഗോസിപ്പുകോളങ്ങളിൽ നിറഞ്ഞു.
പ്രഭാസിന്റെ പുതിയ ചിത്രമായ കല്കി 2898 എഡി ജൂണ്‍ 27-നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. പ്രഭാസിനെക്കൂടാതെ അമിതാഭ് ബച്ചന്, കമല്ഹാസന്, ദീപിക പദുക്കോണ്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്മാന് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്.