"കള്ളം പറയുന്നവർക്ക് അതു കൊണ്ട് എന്താണ് കിട്ടുന്നത്?'
Saturday, September 18, 2021 5:40 AM IST
നടൻ രമേശ് വലിയശാലയുടെ മരണത്തിനു പിന്നാലെയുണ്ടായ വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് മകൾ എം.എസ് ശ്രുതി. കള്ളം പറയുന്നവർക്ക് അതു കൊണ്ട് എന്താണ് കിട്ടുന്നതെന്ന് ചോദിച്ച ശ്രുതി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നു പറഞ്ഞു. രമേശ് വലിയശാലയുടെ മരണത്തിനു തലേന്ന് എടുത്ത ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്.
സോഷ്യൽ മീഡിയ പോസ്റ്റ്
എന്റെ പേര് ശ്രുതി എം.എസ്. ഞാൻ വലിയശാല രമേശിന്റെ മകളാണ്. അച്ഛൻ മരിക്കുന്നതിന്റെ തലേന്നു രാത്രി ഞങ്ങൾ വളരെ സന്തോഷത്തോടെ പോയപ്പോൾ എടുത്ത വിവാഹ പാർട്ടിയുടെ ചിത്രമാണ് ഞാൻ ഷെയർ ചെയ്തിരിക്കുന്നത്. ബന്ധുക്കൾ പറയുന്നത് അച്ഛൻ മരിക്കുന്നതിന്റെ തലേന്നുതൊട്ടേ ഇവിടെ ബഹളമുണ്ടായി എന്നാണ്. വീട്ടിൽ ഇല്ലായിരുന്ന ഞങ്ങൾ എങ്ങനെയാണ് ബഹളം ഉണ്ടാക്കുന്നത്. ഒരു കോമൺ സെൻസ് ഉള്ള ആളുകൾ ആണേൽ ചിന്തിക്കൂ...ദയവായി.
അച്ഛന്റെ മൃതശരീരം കൊണ്ടുവന്ന് പോലുമില്ല. അതിനു മുമ്പേ തന്നെ അച്ഛന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കൾ ചേട്ടന്റെ ഭാര്യ വീട്ടിലെ ബന്ധുക്കൾ ഓരോ വ്യാജവാർത്ത ഇറക്കുകയാണ്. ഇവർ ആരും അച്ഛന്റെ ബന്ധുക്കൾ അല്ല, അച്ഛന്റെ ബന്ധുക്കൾ കൊച്ചിയിലാണ് താമസം.
അച്ഛന് ഒരു ചേട്ടനാണ് ഉള്ളത്. അവർ ഞങ്ങളെ പറ്റി ഒരു കുറ്റവും പറഞ്ഞിട്ടില്ല. അപ്പോൾ നിങ്ങൾക്ക് മനസിലായി കാണും ഗോകുൽ രമേശിന്റെ ഭാര്യ വീട്ടുകാരും അച്ഛന്റെ ആദ്യ ഭാര്യയുടെ വീട്ടിലെ ബന്ധുക്കളും എന്തിനാണ് ഈ വ്യാജവാർത്ത ഉണ്ടാക്കുന്നതെന്ന്.
നിങ്ങൾക്ക് എന്തെങ്കിലും വേണമെങ്കിൽ എടുത്തുകൊണ്ട് പോയ്ക്കോളൂ. മൃതശരീരം വരുന്നതിനു മുമ്പേ തന്നെ പലതും പിടിച്ചടക്കാനുള്ള മനസ്. എന്തേലും ഉണ്ടേൽ എന്നോടാണ് ചോദിക്കാനുള്ളത്. ഞാനാണ് ആദ്യം കണ്ടത്. ഒന്നും അറിയാൻ താൽപര്യമില്ലാത്ത ആളുകൾ ചോദിക്കില്ല.
അവർക്ക് ഇപ്പോൾ ഇറങ്ങിയ ന്യൂസ് പോലെ സ്വത്തുക്കളോട് ആകും താൽപര്യം. എനിക്ക് പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയായിപ്പോയി. ഞങ്ങൾ ഒരു റൂമില് ആണ്. പുറംലോകം കണ്ടിട്ട് കുറച്ച് നാളായി. ഞങ്ങള്ക്ക് നീതിവേണം. വ്യാജവാർത്ത ഉണ്ടാക്കുന്നത് നിർത്തൂ, കള്ളങ്ങൾ പറയുമ്പോൾ നിങ്ങൾക്ക് എന്താണ് കിട്ടുന്നത്. നിങ്ങൾക്കും ഭാര്യയും മക്കളും ഉള്ളതല്ലേ.