കാനിൽ ചരിത്രം സൃഷ്ടിച്ച് സന്തോഷ് ശിവൻ; അഭിനന്ദനങ്ങളുമായി മോഹൻലാൽ
Friday, May 24, 2024 3:03 PM IST
കാൻ ചലച്ചിത്രമേളയുടെ ആദരവു നേടി പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ. ഛായാഗ്രഹണ മികവിനുള്ള പിയർ ആഞ്ജിനോ പുരസ്കാരം നൽകിയാണ് സന്തോഷ് ശിവനെ കാൻ ചലച്ചിത്രമേള ആദരിക്കുക. പുരസ്കാരം ഇന്ന് സമ്മാനിക്കും. ഇതാദ്യമായാണ് ഒരു ഏഷ്യക്കാരന് ഈ പുരസ്കാരം ലഭിക്കുന്നത്.
അതുല്യനേട്ടം കൈവരിച്ച സന്തോഷ് ശിവന് ആശംസകളുമായി മോഹൻലാൽ എത്തി. 2024 കാൻ ചലച്ചിത്രമേളയിൽ ചരിത്രം സൃഷ്ടിക്കപ്പെടുന്നതിന് സാക്ഷിയാകുന്നതിൽ ആവേശം തോന്നുന്നു.
ഛായാഗ്രഹണ മികവിനുള്ള പിയർ ആഞ്ജിനോ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യക്കാരനായി തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷ് ശിവന് അഭിനന്ദനങ്ങൾ!
ബാറോസ് യാഥാർഥ്യമാക്കുന്നതിൽ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം ഉപയോഗപ്പെടുത്താനായി എന്നത് അഭിമാനകരമായ നേട്ടമായി അംഗീകരിക്കുന്നു. ഏറ്റവും അർഹമായ അംഗീകാരം. മോഹൻലാൽ സമൂഹമാധ്യമത്തിൽ കുറിച്ചു.
2013-ലാണ് ഛായാഗ്രഹണ മികവിനുള്ള പിയർ ആഞ്ജിനോ എക്സലൻസ് ഇൻ സിനിമറ്റോഗ്രാഫി പുരസ്കാരം കാൻ ഫെസ്റ്റിവലിൽ നൽകാൻ ആരംഭിച്ചത്. ആധുനിക സൂം ലൈൻസിന്റെ പിറവിക്ക് കാരണഭൂതനായ പിയർ ആഞ്ജിനോയുടെ സ്മരണയ്ക്കായാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.