മലപ്പുറം: അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സുരക്ഷിതവും ശുചിത്വമുള്ളതുമായ താമസസൗകര്യം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച "അപ്നാ ഘര്‍' പദ്ധതിക്കായി ജില്ലയില്‍ സ്ഥലം കണ്ടെത്താന്‍ ശ്രമം. പാലക്കാട്ടെ കഞ്ചിക്കോട് എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ വിജയകരമായി നടപ്പാക്കിയ പദ്ധതിയുടെ മൂന്നാംഘട്ടം മലപ്പുറം ജില്ലയിലാണ്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നതും വാണിജ്യ-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നതുമായ മേഖലകളാണ് "അപ്ന ഘര്‍' പദ്ധതിയുടെ ഭാഗമായുള്ള
ഹോസ്റ്റല്‍ നിര്‍മാണത്തിനായി തൊഴില്‍ വകുപ്പ് പരിഗണിക്കുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തിനോട് ചേര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങളും പ്ലൈവുഡ്-ക്വാറി വ്യവസായങ്ങളുമുള്ളതിനാല് ഇവിടെയാണ് കൂടുതല്‍ തൊഴിലാളികളുള്ളത്. അതിനാല്‍ കൊണ്ടോട്ടി, എടവണ്ണപ്പാറ മേഖലകള്‍ പരിഗണനയിലുണ്ട്. നിര്‍മാണ തൊഴിലുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്ന വളാഞ്ചേരി, കോട്ടയ്ക്കല്‍ മേഖലകളാണ് ജില്ലയിലെ മറ്റൊരിടം.
മത്സ്യബന്ധനവുമായി ബന്ധപ്പെട്ട അനുബന്ധ ജോലികള്‍ക്കായി നിരവധി ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന താനൂര്‍,പരപ്പനങ്ങാടി തീരദേശ മേഖലകളും പദ്ധതിക്കായി പരിഗണിക്കുന്ന മേഖലകളാണ്.
എന്നാല്‍ ഇവിടങ്ങളിലെല്ലാം ഹോസ്റ്റല്‍ നിര്‍മാണത്തിനായി ഭൂമി കണ്ടെത്തല്‍ തൊഴില്‍ വകുപ്പിന് മുന്നിലെ വലിയ വെല്ലുവിളിയാണ്.
കുറഞ്ഞത് 50 സെന്റ് മുതല്‍ ഒരേക്കര്‍ വരെ സ്ഥലം ഇതിനായി ആവശ്യമാണ്. പൊതുമരാമത്ത് വകുപ്പിന്റെയോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയോ കീഴിലുള്ള അനുയോജ്യമായ ഭൂമി ഈ മേഖലകളില്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് റവന്യു-തൊഴില്‍ വകുപ്പുകള്‍.
നഗരസഭകളുടെയോ പഞ്ചായത്തുകളുടെയോ പ്ലാന്‍ ഫണ്ടില്‍നിന്നു സ്ഥലം ലഭ്യമാക്കാനും ഇന്‍കെല്‍ വഴി കെട്ടിടനിര്‍മാണ രൂപരേഖ തയാറാക്കാനുമുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. തൊഴില്‍ വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജില്ലയില്‍ 1.5 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളുണ്ട്.\
Tags : nattu vishesham 1.5 lakh people district of "Apna Ghar"