മലപ്പുറം: ലോകകപ്പ് ഫുട്ബോളിൽ ബ്രസീലിന്റെ നെയ്മർക്ക് പിന്നാലെ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും വിശ്വകിരീടമെന്ന സ്വപ്നം സാക്ഷാത്കരിക്കാനാകാതെ കളംവിട്ടു. ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരെ നിരാശയിലാഴ്ത്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മടക്കയാത്ര.
ഫുട്ബോൾ കളിയെ നെഞ്ചേറ്റുന്ന മലപ്പുറത്തും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വലിയ ആരാധകക്കൂട്ടമുണ്ട്. അതുകൊണ്ടു തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ടും അദ്ദേഹത്തിന്റെ ടീമായ പോർച്ചുഗലിന്റെ പതാകകളും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഫാൻസുകാർ സ്ഥാപിച്ചിരുന്നു.
ലയണൽ മെസിയുടെ അർജന്റീന കഴിഞ്ഞ തവണ ലോക ചാന്പ്യൻമാരായിരുന്നു. അതിനാൽ ഇക്കുറി ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് ഏറ്റുവാങ്ങണമെന്ന് ആഗ്രഹിച്ചിരുന്നവർ ഏറെയായിരുന്നു. എന്നാൽ പ്രീക്വാർട്ടറിൽ കളിയുടെ അവസാന നിമിഷം സ്പെയിനിനോട് പോർച്ചുഗൽ ഗോൾ വഴങ്ങിയതോടെ എല്ലാം പ്രതീക്ഷകളും അവസാനിച്ചു.
യുഎസിലെ ഡള്ളാസ് എടി ആൻഡ് ടി സ്റ്റേഡിയത്തിൽ 70,649 പേരാണ് മത്സരം കാണാനെത്തിയിരുന്നത്. ഫൈനൽ വിസിൽ മുഴങ്ങിയതോടെ സ്പെയിൻ താരങ്ങൾ ആഹ്ലാദത്തിൽ ലയിച്ചപ്പോൾ മറുവശത്ത് ഗ്രൗണ്ടിൽ കണ്ണീരോടെ നടന്നുനീങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ആൾക്കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. മൈതാനത്ത് മഴവിൽ ചന്തമാർന്ന നീക്കവുമായി മുന്നേറി അതിസുന്ദരമായി ഗോളടിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ വിശ്വകിരീടമില്ലാതെ കരിയർ അവസാനിപ്പിക്കുകയാണ്. പ്രായം 41 ആയിരിക്കുന്നു അദ്ദേഹത്തിന്.
ഖത്തർ ലോകകപ്പിൽ അവസരം ലഭിക്കാതെ പകരക്കാരന്റെ ബെഞ്ചിലിരുന്നതിന്റെ അപമാനം ഇക്കുറി പുതിയ കോച്ചിന്റെ കീഴിൽ തീർക്കുമെന്ന് ക്രിസ്റ്റ്യാനോ കരുതിയിരിക്കണം. എന്നാൽ സഹതാരങ്ങളിൽനിന്ന് മൈതാനത്ത് വേണ്ടത്ര പിന്തുണ അദ്ദേഹത്തിന് ലഭിച്ചില്ലെന്നത് ഏറെ ചർച്ചയായി.
പലപ്പോഴും മൈതാനത്ത് പന്ത് കിട്ടാതെ ഒറ്റപ്പെട്ടു. പന്തുകിട്ടുന്പോഴെല്ലാം നീക്കങ്ങൾക്ക് മൂർച്ച കുറവായിരുന്നു. ഇത്തവണ മൂന്നു ഗോളുകൾ മാത്രമാണ് ക്രിസ്റ്റ്യാനോ നേടിയത്.
ഈ തലമുറയിലെ ഏറ്റവും മികച്ചവരായ ലയണൽ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും നെയ്മറുടെയും അവസാനത്തെ ലോകകപ്പാണ് കഴിഞ്ഞതവണ ഖത്തറിൽ നടന്ന ലോകകപ്പ് എന്ന് കരുതിയിരുന്നു.
എന്നാൽ നാലു വർഷം കഴിഞ്ഞപ്പോൾ അമേരിക്ക, മെക്സിക്കോ, കാനഡ ആതിഥേയത്വം വഹിച്ച ലോകകപ്പിലേക്ക് ത്രിമൂർത്തികൾ എത്തി. എന്നാൽ കിരീടവഴിയിൽ വീണ് ആദ്യം നെയ്മർ മടങ്ങി. പിന്നാലെ ക്രിസ്റ്റ്യാനോയും മടങ്ങി.
മെസിയുടെ അർജന്റീന ഈജിപ്തുമായി പ്രീക്വാർട്ടറിൽ ഏറ്റുമുട്ടുന്നു. ഇവരെ ആഘോഷമാക്കി, ഇവർക്കുവേണ്ടി വാദിക്കുകയും വഴക്കിടുകയും ചെയ്ത ഒരു തലമുറയ്ക്ക് മൂവരെയും ഒന്നിച്ച് ഇനി മറ്റൊരു ലോകകപ്പിലും കാണാൻ കഴിയില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആറാമത്തെ ലോകകപ്പായിരുന്നു ഇത്. ലോകകിരീടം എന്ന നേട്ടം സ്വന്തം പേരിലാക്കാനുള്ള അവസാന അവസരമായിരുന്നു. പോർച്ചുഗലിന് 1966ൽ നേടിയ മൂന്നാംസ്ഥാനവും 2006ലെ നാലാംസ്ഥാനവും മാത്രമാണ് ലോകകപ്പിൽ ഇതുവരെ എടുത്തുപറയത്തക്ക നേട്ടം.
കഴിഞ്ഞ അഞ്ചു ലോകകപ്പുകളിൽ രണ്ടു തവണ ഗ്രൂപ്പ് ഘട്ടത്തിലും രണ്ടുതവണ പ്രീക്വാർട്ടറിലും അവർ പുറത്തായി. ഖത്തറിലും ക്വാർട്ടറിൽ മൊറോക്കോയോട് തോറ്റ് പുറത്തായി. ഇപ്പോൾ സ്പെയിനിനോടും തോറ്റു.
ക്രിസ്റ്റ്യാനോ റൊണാൾഡോ യുഗത്തിന് മുന്പ്, പോർച്ചുഗൽ 75 വർഷത്തിനിടെ രണ്ടു ലോകകപ്പുകൾക്ക് മാത്രമേ യോഗ്യത നേടിയിട്ടുള്ളൂ. എന്നാൽ റൊണാൾഡോ ടീമിൽ എത്തിയതിനുശേഷം എല്ലാ ലോകകപ്പുകളിലും അവർ യോഗ്യത നേടിയിട്ടുണ്ട്. ഇതൊരു വലിയ നേട്ടം തന്നെയാണ്.
രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റിക്കാർഡും ഇതിനകം ക്രിസ്റ്റ്യാനോ സ്വന്തം പേരിലാക്കി കഴിഞ്ഞു. അഞ്ച് ബാലണ് ഡി ഓറും ഒരു യൂറോകപ്പും രണ്ട് നാഷൻസ് ലീഗ് ട്രോഫികളും പോർച്ചുഗലിന് നേടികൊടുത്ത താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.
എന്നാൽ ലോക കപ്പ് ജയിക്കാത്തവൻ എന്ന ടാഗ് ലൈൻ ജീവിതാവസാനം വരെ തന്നെ വേട്ടയാടുമെന്ന് ക്രിസ്റ്റ്യാനോയ്ക്കറിയാം. മൈതാനത്തെ ആ കണ്ണീർ അതായിരുന്നു...
Tags : nattu vishesham Christian in a crowd?