നിലന്പൂർ: നിലന്പൂരിലും സമീപ പ്രദേശമായ കരുളായിയിലും മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. നഗരസഭാ പരിധിയിലെ ഇയ്യംമട, പയ്യന്പള്ളി വാർഡുകളിലുണ്ടായ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. തിങ്കളാഴ്ച രാത്രി 11ഓടെയാണ് ഇവിടങ്ങളിൽ ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്.
ഒരു വീട് പൂർണമായും തകർന്നു. നാലു വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ചീരക്കുഴി ചന്ദ്രന്റെ വീടാണ് പൂർണമായും തകർന്നത്.
ഫൈസൽ-സീലത്ത്, അനൂപ് കപ്രക്കാട്ട്, അമ്മിണി കുര്യൻ കവുങ്ങൽ പ്ലാക്കൽ, അഭിലാഷ് തുടങ്ങിയവരുടെ വീടുകളാണ് കാറ്റിൽ ഭാഗികമായി തകർന്നത്. അമ്മിണി കുര്യന്റെ വീടിന്റെ മുകളിലേക്ക് മറ്റൊരു വീടിന്റെ മുകൾ ഭാഗം കാറ്റിൽ വന്ന് പതിച്ച് വീട് ഭാഗികമായി തകർന്നെങ്കിലും വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഫൈസലിന്റെ വീടിന്റെ കോണിക്കൂട് പൂർണമായി തകർന്നു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഇറങ്ങിയതിനാൽ അകപടം ഒഴിവായി. പ്രദേശത്തെ മിക്ക വീടുകൾക്കും മീതെയും മരങ്ങൾ വീണിട്ടുണ്ട്. അന്പതിലേറെ വൈദ്യുത തൂണുകൾ മരങ്ങൾ വീണ് തകർന്നിട്ടുണ്ട്. രാത്രി മുതൽ പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി.
സാം തോമസ് സയോണ്ഹിൽ, ജോർജ് സയോണ്ഹിൽ, ഇഖ്ബാൽ കുറ്റിത്തൊടിക എന്നിവരുടെ 500 ലേറെ റബർ മരങ്ങളും അന്പതോളം തെങ്ങുകളും നശിച്ചു.ദുരന്തത്തെത്തുടർന്ന് ഇന്നലെ രാവിലെ മുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഉൗർജിതമാക്കി.
വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നിലന്പൂർ നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥിന്റെ നേതൃത്വത്തിൽ നടത്തി.
നഗരസഭാംഗങ്ങളായ മേരീസ് ഷിബു, സുരേഷ് പാത്തിപ്പാറ, ശ്രീജ ചന്ദ്രൻ, ഷേർളിമോൾ, തഹസിൽദാർ എ.പി. സിന്ധു, ഡെപ്യൂട്ടി തഹസിൽദാർ കെ.പി. പ്രമോദ്, നഗരസഭാ സെക്രട്ടറി, എൻജിനിയർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, അഗ്നിരക്ഷാ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
നിലന്പൂർ അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പുറമേ തിരുവാലിയിൽനിന്നുള്ള സേനാംഗങ്ങളും പ്രവർത്തനങ്ങളിൽ പങ്കാളികളായി.
നിലന്പൂർ: കരുളായിൽ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ചെട്ടി, വരക്കുളം ഭാഗത്താണ് കാറ്റ് ആഞ്ഞുവീശിയത്. തിങ്കൾ പുലർച്ചെ 12 മണിയോടെയാണ് മേഖലയിൽ ചുഴലിക്കാറ്റുണ്ടായത്. മരങ്ങൾ കടപുഴകി വീണ് ഒട്ടനവധി വീടുകൾക്കാണ് നാശനഷ്ടം നേരിട്ടത്. വീടിന് മുകളിൽ മരം വീണതിനെത്തുടർന്ന് ഓട് ദേഹത്ത് വീണ് ഒരു കുടുംബത്തിലെ മൂന്നു പേർക്ക് പരിക്കേറ്റു.
വൈദ്യുതത്തൂണുകളും ലൈനുകളും പൊട്ടി പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായും നിലച്ചു.ചെട്ടി കൂറ്റന്പാറ റോഡ്, ചെട്ടി കരിന്താർ റോഡ്, മേലേചെട്ടി പള്ളിക്കുന്ന് റോഡ് എന്നിവിടങ്ങളിൽ മരങ്ങളും വൈദ്യുതി പോസ്റ്റുകളും ലൈനുകളും പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു. കൂടാതെ ഗ്രാമീണ ഉൗടുവഴികളിൽ കാൽനട പോലും സാധ്യമല്ലാതായി. മേഖലയിലെ നൂറോളം വീടുകൾക്കാണ് ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്.
കെഎസ്ഇബിയുടെ ഒന്പതിലധികം ഹൈടെൻഷൻ, 15 ലോ ടെൻഷൻ പോസ്റ്റുകളും ഒട്ടനവധി വൈദ്യുത ലൈനുകളും ടിവി കേബിളുകളും നശിച്ചു. കൂടാതെ ആയിരത്തിലധികം റബർ മരങ്ങളും തേക്ക്, പ്ലാവ്, തെങ്ങ്, കമുക് തുടങ്ങിയവ കടപുഴകിയും മുറിഞ്ഞും വീണു. വാഴ, കപ്പ തുടങ്ങിയ കാർഷികവിളകളും നശിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് മീതെയും മരങ്ങൾ വീണ് കേടുപാടുകൾ സംഭവിച്ചു.
നിലന്പൂരിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയും എമർജൻസി റസ്ക്യു ഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ നേരെത്തേ പരിശ്രമത്തിനൊടുവിലാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗത തടസം ഒഴിവാക്കായത്. വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
Tags : nattu vishesham Cyclone Minnal causes extensive