നിലന്പൂർ: നായാട്ടിനുപയോഗിക്കുന്ന നാടൻ തോക്കിന്റെ 10 തിരകൾ വീട്ടിൽനിന്ന് കണ്ടെടുത്തു. മന്പാട് ഒടായിക്കൽ സ്വദേശി മംഗലശേരി ഷെരീക്കി (30) ന്റെ വീട്ടിൽ നിലന്പൂർ എസ്ഐ സി.പി. ജാബിർ നടത്തിയ പരിശോധനയിലാണ് തിരകൾ കണ്ടെടുത്തത്.
മലപ്പുറം പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തെത്തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ ഷെരീക്കിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്റ്റോർ റൂമിൽ ഒളിപ്പിച്ച നിലയിലായിരുന്നു തിരകൾ. ഇയാൾ മൃഗവേട്ടക്കായി തിരകൾ സൂക്ഷിച്ചതാണെന്ന നിഗമനത്തിലാണ് പോലീസ്.
പരിശോധന നടത്തുന്ന സമയത്ത് ഷെരീക്ക് വീട്ടിൽ ഉണ്ടായിരുന്നില്ല. ഷെരീക്കിനെതിരേ ആയുധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.എഎസ്ഐ സുനിത, സിപിഒമാരായ ലിജോ ജോണ്, ചിന്തു പ്രശാന്ത്, യദു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.യുവാവിനെതിരേ മണൽക്കടത്ത് അടക്കം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.