തിരുവനന്തപുരം: പോലീസ് ആകാശത്തേയ്ക്ക് വെടിവെച്ച ശേഷം അറസ്റ്റ് ചെയ്ത ബിജെപിയുടെ തിരുവനന്തപുരം കൗണ്‍സിലർ ആർ.സുഗതനെ വിയ്യൂർ ജയിലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സുഗതനെ ആദ്യമെത്തിച്ചത് പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു. എന്നാൽ കാപ്പാ കേസ് പ്രതികളെ പാർപ്പിക്കാനുള്ള പ്രത്യേക ബ്ലോക്ക് വിയ്യൂരിലാണുളളത്. ഈ സെല്ലിൽ പാർപ്പിക്കുന്നതിനായാണ് വിയ്യൂരിലേക്ക് ഇന്നലെ രാവിലെ മാറ്റിയത്.
പല തവണ സുഗതനെതിരേ കാപ്പാകേസ് ചുമത്തിയിട്ടുള്ളതായാണ് പോലീസ് റിപ്പോർട്ട്.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വാഴോട്ടു കോണത്തു നിന്നുമാണ് സുഗതൻ കൗണ്‍സിലറായി ജയിച്ചത്. മൂന്നു മാസത്തിനു പിന്നാലെ ഇപ്പോഴത്തെ അറസ്റ്റിന് കാരണമായ വധശ്രമ കേസുണ്ടായി.
വെള്ളയ്ക്കാട് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഗാനമേളക്കിടെ പുതിയ പാട്ടുപാടാൻ ആവശ്യപ്പെട്ട് രണ്ട് പേർ വേദിക്ക് അരികിലെത്തി ബഹളം വച്ചു. ഈ സമയം സ്ഥലത്തെത്തിയ സുഗതൻ പരിപാടി അലങ്കോലപ്പെടുത്തിയെന്ന് ആരോപിച്ച് ആളുമാറി യുവാവിനെ ഇരുന്പ് പൈപ്പ് കൊണ്ട് മർദ്ദിച്ചു. കേസെടുത്തെത്തിന് പിന്നാലെ സുഗതൻ സെഷൻസ് കോടതിയിലും ഹൈക്കോടതിയിലും മുൻകൂർ ജാമ്യ അപേക്ഷ നൽകി. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളി.
ഇതിനു പിന്നാലെ കഴിഞ്ഞ ഏഴിന് പോലീസിന് മുന്നിൽ കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയാറാകാതെ സുഗതൻ ഒളിവിൽ പോവുകയായിരുന്നു.
തൊട്ടു പിന്നാലെ പോലീസ് സുഗതനെതിരെ കാപ്പ ചുമത്താൻ ജില്ലാ കളക്ടർക്ക് ശിപാർശ നൽകി. ഇതിൽ നടപടികൾ പൂർത്തിയായി കരുതൽ തടങ്കലിൽ വയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിറക്കുന്നത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ഇതറിയാതെയാണ് പിറ്റേന്ന് സുഗതൻ ഒളിവിൽ നിന്ന് വീട്ടിലെത്തിയത്. അപ്പോഴാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട് വളയുന്നതും പിടികൂടിയതും.
സുഗതൻ കാപ്പാ കേസ് ഉൾപ്പെടെ 11 കേസിൽ പ്രതിയാണ്. 2019 ഓഗസ്റ്റ് 25 കല്ല് കൊണ്ട് ഒരാളെ തലക്കടിച്ചതിന് മനപൂർവമല്ലാത്ത നരഹത്യ ശ്രമം, 2023 ജൂലൈ 20ന് വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർക്കൽ, 2025 മാർച്ച് 14ന് വ്യാപാര തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവമല്ലാത്ത നരഹത്യശ്രമ കുറ്റം, 2025 ജൂലൈ 25ന് സെക്യൂരിറ്റി ജീവനക്കാരനെ പണം നൽകാത്തതിന് ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി രണ്ടിന് മുൻ എംഎൽഎ വി കെ പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസപ്പെടുത്തി എന്ന സംഭവത്തിലെ കേസ് എന്നിവ സുഗതനെതിരേ ചുമത്തപ്പെട്ടു.
Tags : nattu vishesham 11 cases including Kappa against Sugathan