തൊടുപുഴ: കുമാരമംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 12 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൊടുപുഴ ബംഗ്ലാംകുന്ന് സ്വദേശി എടനാട് പുരയിടത്തില്‍ വിനീഷ് വിജയനെയാണ് (42) മുട്ടം പോക്സോ കോടതി ജഡ്ജി ആഷ് കെ. ബാല്‍ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് കഴിഞ്ഞമാസം 17ന് വിധി പറയാനിരുന്നതാണെങ്കിലും പ്രതി നഗരത്തിലെ ബാറിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയതിനെത്തുടര്‍ന്നാണ് വിധി പ്രഖ്യാപനം നീണ്ടത്. കഴിഞ്ഞ 11ന് പ്രതിയെ ഹാജരാക്കിയശേഷം ഇന്നലെയാണ് ശിക്ഷ വിധിച്ചത്. വിനീഷ് അതിജീവിതയെ മറ്റൊരാള്‍ക്കൊപ്പം ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത വേറൊരു കേസിന്റെ വിചാരണയും നടന്നുവരികയാണ്. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി വിക്ടിം കോമ്പന്‍സേഷന്‍ പദ്ധതിയില്‍നിന്ന് നാലു ലക്ഷം രൂപയും നല്‍കണം.
2021 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായിരുന്നു സംഭവം. പെണ്‍കുട്ടി ജോലിചെയ്തിരുന്ന കടയിലെ മാനേജരായിരുന്ന പ്രതി ഉച്ചസമയത്ത് സ്റ്റാഫ് റൂമില്‍ പീഡിപ്പിക്കുകയായിരുന്നു. കേസില്‍ 27 സാക്ഷികളെ വിസ്തരിക്കുകയും 43 രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. 2017 മുതല്‍ 2022 വരെ പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ പീഡിപ്പിച്ച സംഭവത്തില്‍ 28 പേര്‍ക്കെതിരേ 28 കേസുകളെടുത്തിട്ടുണ്ട്.
ഇതില്‍ ആദ്യം വിധിപറഞ്ഞ കേസില്‍ കുടയത്തൂര്‍ സ്വദേശിയായ അനസ് എന്ന യുവാവിനെ 10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച ബാക്കി കേസുകളില്‍ വിചാരണ നടന്നുവരികയാണ്. പ്രോസിക്യൂഷനുവേണ്ടി തൃശൂര്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പയസ് മാത്യു, അഡ്വ. ഫ്രാന്‍സിസ് പയസ്, അഡ്വ. നീരജ് അക്കര എന്നിവര്‍ ഹാജരായി.
Tags : nattu vishesham 12 years rigorous imprisonment