പഴയന്നൂർ: ചേലക്കര നിയോജകമണ്ഡലം വനാതിർത്തിയിൽ സൗരവേലി സ്ഥാപിക്കാൻ 40 ലക്ഷം രൂപ അനുവദിക്കുമെന്നു യു. ആർ. പ്രദീപ് എംഎൽഎ. കാട്ടാന ജനവാസമേഖലയിലേക്ക് ഇറങ്ങുന്നതു തടയുന്നതിനാണ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നു തുക അനുവദിക്കുന്നത്.
ഇതിനായി എംഎൽഎ, ജില്ലാ കളക്ടർക്കു കത്തുനൽകി. ചേലക്കര നിയോജക മണ്ഡലത്തിലെ മണ്ണാത്തിപ്പാറ മുതൽ വാഴക്കോട് പട്ടാണിക്കാട് വരെയുള്ള 15 കിലോമീറ്റർ നീളത്തിലാണ് ഇനി സൗരവേലി നിർമിക്കാനുള്ളത്. ഈ പ്രവൃത്തിക്കുള്ള എസ്റ്റിമേറ്റ് തയാറാക്കി ജില്ലാ കളക്ടർക്ക് നൽകാൻ തൃശൂർ വനം ഡിവിഷണൽ ഓഫീസർക്ക് എംഎൽഎ നിർദേശംനൽകി.
പഴയന്നൂർ പഞ്ചായത്തിലെ തിരുമണി വാഴോട് മുതൽ മണ്ണാത്തിപ്പാറ വരെയും എടപ്പാറ ഉന്നതി മുതൽ തായംകാട് നായാടി ഉന്നതിവരെയുമുള്ള 30 കിലോമീറ്റർ 75.52 ലക്ഷം രൂപ വിനിയോഗിച്ച് സൗരവേലി സ്ഥാപിച്ചു.ശേഷിക്കുന്ന 15 കിലോമീറ്റർ നീളംകൂടി സൗരവേലി സ്ഥാപിക്കാനാണ് തുക അനുവദിച്ചത്. കാട്ടാന ജനവാസ മേഖലയിലേക്കിറങ്ങി കൃഷികൾ നിരന്തരം നശിപ്പിക്കുന്നതുമൂലം ജനങ്ങൾ വലിയ ഭീതിയിലും ആശങ്കയിലുമാണ്.
കുതിരാൻ തുരങ്കം പൂർത്തീകരിച്ച് അതിലൂടെ വാഹനഗതാഗതം ആരംഭിച്ചതു മുതലാണു പഴയ റോഡിലൂടെ കാട്ടാനയും മറ്റു വന്യജീവികളും പീച്ചി വനമേഖലയിൽനിന്നു വാഴാനി - മച്ചാട് വനമേഖലയിലേക്കു യഥേഷ്ടം കടന്നുവരാൻ ഇടയായത്. ഇതുമൂലമാണ് മുള്ളൂർക്കര, പാഞ്ഞാൾ, ചേലക്കര തുടങ്ങിയ പഞ്ചായത്തുകളിലെ വനാതിർത്തി പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാകാൻ കാരണമാ
യത്.
കാട്ടാനശല്യം രൂക്ഷമായത് കണക്കിലെടുത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തൃശൂർ അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം യു.ആർ. പ്രദീപ് എംഎൽഎ കഴിഞ്ഞദിവസം വിളിച്ചുചേർത്തിരുന്നു.
Tags :