കഴക്കൂട്ടം : പോലീസ് സ്റ്റേഷന്റെ ഭരണം എസ്എച്ച്ഒമാരിൽ നിന്നും എസ്ഐമാരിലേക്കു മാറ്റുകയും സർക്കിൾ സംവിധാനം തിരികെ കൊണ്ടു വരുന്നതിന്റെയും ഭാഗമായി പോത്തൻകോട് കേന്ദ്രീകരിച്ചു പോലീസിന് പുതിയ സർക്കിൾ ഓഫീസ് വരുന്നു. പോത്തൻകോട്, വട്ടപ്പാറ പോലീസ് സ്റ്റേഷനുകൾ പോത്തൻകോട് സർക്കിളിന് കീഴിലാകും.
ഓഫീസിനായി പോത്തൻകോട് നന്നാട്ടുകാവിലെ വാടക കെട്ടിടം ആണ് ആദ്യ പരിഗണനയിൽ. ഈ കെട്ടിടം പോലീസ് ഉദ്യോഗസ്ഥർ സന്ദർശിക്കുകയും വാടക കരാറിനായി പ്രാഥമിക ചർച്ച നടത്തുകയും ചെയ്തു. അയിരൂപ്പാറ, വാവറയമ്പലം റോഡുകളിലെ കെട്ടിടങ്ങളും ഓഫീസിനായി നോക്കുന്നുണ്ട്. ഓഗസ്റ്റ് 15 മുതൽ ഇൻസ്പെക്ടർ ആയിരിക്കും പോത്തൻകോട്, വട്ടപ്പാറ പോലീസ് സ്റ്റേഷനുകളുടെ മേധാവി.
സ്റ്റേഷൻ ചുമതലയിൽ ഇൻസ്പെക്ടർമാരെ ഇവരുടെ മേൽനോട്ടത്തിനു സർക്കിൾ സംവിധാനവും തിരികെ വരുന്നതോടെ ക്രമസമാധാനപാലനവും സ്റ്റേഷൻ ഭരണവും കൂടുതൽ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷ. പോത്തൻകോട്, വട്ടപ്പാറ സ്റ്റേഷനുകളിൽ നിന്നും എആർ ക്യാംപിൽ നിന്നുമായി പത്തോ പന്ത്രണ്ടോ പേരെ സർക്കിൾ ഓഫീസിലേക്ക് കൊണ്ട് വരുവാനാണ് ആലോചന. ഈ രീതിയിൽ ഉദ്യോഗസ്ഥർ വന്നാൽ പോത്തൻകോട് പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥക്ഷാമം അതിരൂക്ഷമാകുമെന്ന ആശങ്ക നിലവിൽ ഉണ്ട്. എഎസ്ഐയുടേത് അടക്കം ആറ് തസ്തികകളാണ് മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്നത്. നിലവിലുള്ള 32 പേരിൽ രണ്ട് പേർ മെഡിക്കൽ അവധിയിലും പോയി. ഉദ്യോഗസ്ഥർ എട്ട് പേരുടെ കുറവ് ഉണ്ട്. കോടതി ഡ്യൂട്ടി, ബീറ്റ് പരിശോധനകൾ എന്നിവയ്ക്കു ഉദ്യോഗസ്ഥരെ വിട്ടു കഴിഞ്ഞാൽ കേസുകളുടെ അന്വേഷണത്തിന് ആളില്ലാത്ത അവസ്ഥയാണ്.