ദീപ ബിജുവിനെ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുമോദിക്കുന്നു.
കോതമംഗലം: നഴ്സിംഗ് മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഫ്ലോറൻസ് നൈറ്റിംഗേൾ പുരസ്കാരം നേടിയ പൂയംകുട്ടി സ്വദേശിനി ദീപ ബിജുവിനെ ബിഷപ്സ് ഹൗസിൽ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുമോദിച്ചു.
കോതമംഗലം സോഷ്യൽ സർവീസ് സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങിൽ രൂപത വികാരി ജനറാൾമാരായ മോൺ. വിൻസെന്റ് നെടുങ്ങാട്ട്, മോൺ. കുര്യാക്കോസ് കോടക്കല്ലിൽ, ചാൻസലർ ഫാ. ഡോ. ജോസ് കുളത്തൂർ, രൂപത സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജോസഫ് കൊച്ചുപറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. പൗലോസ് നെടുംതടത്തിൽ, സെന്റ്. ജോർജ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഫാ. ആന്റണി പുലിമല, സോഷ്യൽ സർവീസ് സൊസൈറ്റി സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ദാദ്രാ നഗർ ഹാവോലി ദാമൻ ദിയുവിലെ നമോ ആശുപത്രിയിൽ 1988 മുതൽ അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ടായി ജോലി ചെയ്യുകയാണ് ദീപ. കാൽ നൂറ്റാണ്ടിന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പുരസ്കാരം ലഭിച്ചത്. ഗോത്രവർഗക്കാർക്കിടയിൽ നടത്തിയ ആരോഗ്യ രംഗത്തെ മികച്ച പ്രവർത്തനവും വിലയിരുത്തപ്പെട്ടു.
2005 ൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സോണിയാ ഗാന്ധിയെ അനുഗമിച്ച കേന്ദ്രമന്ത്രിമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകരാറിലായി ക്രഷ് ലാൻഡിംഗ് നടത്തിയപ്പോൾ പരിക്കേറ്റവർക്ക് അടിയന്തര പരിചരണത്തിന് ദീപ നേതൃത്വം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എസ്കോർട്ട് സംഘത്തിൽ അഞ്ചു തവണ അംഗമായി. കോവിഡ് കാലത്തെ പ്രവർത്തനങ്ങൾക്ക് ആശുപത്രിയിൽ സ്പെഷൽ ഐസിയു ഇൻചാർജ് ആയിരുന്നു.
മൂന്ന് മലയാളികൾ ഉൾപ്പെടെ 15 പേർക്കാണ് അവർഡ് ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നുമാണ് ഏറ്റുവാങ്ങിയത്. കോതമംഗലം പൂയംകുട്ടി പടിഞ്ഞാറേക്കര ബിജു കുര്യന്റെ ഭാര്യയായ ദീപ പൂയംകുട്ടി അതിരമ്പുഴയിൽ കുടുംബാംഗമാണ്.
Tags : honored Nattuvishesham DistrictNews