പുളിമൂട്ടില്‍ സില്‍ക്സില്‍ ഓണക്കോടിയെടുക്കാന്‍ വന്നവരുടെ തിരക്ക്.
തൊടുപുഴ:ഓണത്തിന് അണിഞ്ഞൊരുങ്ങാന്‍ ട്രെന്‍ഡ് തുണിത്തരങ്ങള്‍ വാങ്ങാന്‍ വസ്ത്രവിപണിയില്‍ തിരക്കോടു തിരക്ക്. ഓണത്തിന്റെ തനിമ നിലനിര്‍ത്തി ആധുനിക ഫാഷന്‍ ട്രെന്‍ഡിനൊപ്പമാണ് യുവതലമുറ. വീട്ടിലെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ ഓണക്കോടിയെടുക്കാന്‍ കുടുംബസമേതം വസ്ത്ര ശാലകളില്‍ ഒട്ടേറെ പേരെത്തുന്നുണ്ട്. ഓണക്കോടിയെടുക്കാന്‍ മുന്‍ കാലങ്ങളിലെപ്പോലെ അത്ര ആവേശമില്ലെങ്കിലും ആഘോഷം കൊഴുപ്പിക്കാന്‍ പുതിയ തരംഗമായ ഫാഷന്‍ വസ്ത്രങ്ങള്‍ വാങ്ങാനാണ് കൂടുതല്‍ പേരും വസ്ത്രശാലകളിലെത്തുന്നത്.
ഓണക്കോടിയെന്നു കേളക്കുമ്പോള്‍ മനസിലെത്തുന്ന കേരളീയ തനിമയുള്ള വസ്ത്രത്തിനുതന്നെയാണ് ഇത്തവണയും പ്രിയം കൂടുതല്‍. കസവു സാരിയും കസവു മുണ്ടുമാണ് ഓണക്കാലത്തെ ട്രെന്‍ഡ്. പെണ്‍കുട്ടികള്‍ കസവുസാരിക്കൊപ്പം പ്രിന്റഡ് ബ്ലൗസുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്.
ഓഫ് വൈറ്റ് നിറവും സ്വര്‍ണ കസവും ഉപയോഗിച്ച് പുത്തന്‍ പരീക്ഷണങ്ങളാണു വസ്ത്രങ്ങളില്‍ നടക്കുന്നത്. നേരത്തേ ദാവണിയായിരുന്നു ഓണക്കാലത്ത് പെണ്‍കുട്ടികള്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പൊതുവേ ഇതിനോട് താത്പര്യം കുറഞ്ഞു. ഇപ്പോള്‍ കസവിന്റെ ചുരിദാറുകളും പട്ടുപാവാടയും പുത്തന്‍ ഫാഷനില്‍ തയാറാക്കിയ ബ്ലൗസും ഒക്കെയായി ഓണം നിറപ്പകിട്ടാക്കുകയാണ് പെണ്‍കുട്ടികള്‍. കോളജ് വിദ്യാര്‍ഥികള്‍ക്ക് കസവു സാരിയും സെറ്റും ഇത്തവണയും പ്രിയംതന്നെ. ബോര്ഡറില് മയില്‍പ്പീലിയും ശ്രീകൃഷ്ണനും അത്തപ്പൂക്കളവും കഥകളിവേഷവും ഉള്ള സെറ്റു മുണ്ടും സാരിയും വില്‍പ്പനയില്‍ മുന്നിലാണ്.
വ്യത്യസ്തതയാര്‍ന്ന ഷര്‍ട്ടുകളും മുണ്ടുമാണ് യുവാക്കളെയും വിദ്യാര്‍ഥികളെയും ആകര്‍ഷിക്കുന്നത്. കടും നിറത്തിലുള്ള ഷര്‍ട്ടുകളും കരയുള്ള മുണ്ടുകളുമാണ് ഇവരുടെ ഓണ വേഷം. ഷര്‍ട്ടില്‍ പലവിധ പ്രിന്റിംഗുകളും കൂടിയാകുമ്പോൾ എല്ലാം കളറാകും.
റെഡിമെയ്ഡ് കുര്‍ത്ത, മുണ്ട് സെറ്റ്, സില്‍ക്ക് കുര്‍ത്തയ്ക്കു പുറമേ വ്യത്യസ്ത തരത്തില്‍ ബോര്‍ഡറുള്ള മുണ്ടുകളും ഇത്തവണ ട്രെന്‍ഡാണ്. കോളജ് വിദ്യാര്‍ഥികളും യുവതീ-യുവാക്കളുമാണ് ഓണക്കാലത്ത് ട്രെന്‍ഡ് വസ്ത്രങ്ങളുടെ ആവശ്യക്കാര്‍. കാമ്പസ് ഓണാഘോഷത്തിനായി ഒരേ തരത്തിലുള്ള വസ്ത്രങ്ങളാണ് വിദ്യാര്‍ഥികള്‍ വാങ്ങുന്നത്. എന്നാല്‍ മഴ തുടര്‍ച്ചയായി പെയ്യുന്നത് വസ്ത്ര വ്യാപാരികളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഏതാനും മാസങ്ങളായി തുടരുന്ന മഴ ഓണമടുത്തെത്തിയിട്ടും ഇടവിട്ട് തുടരുകയാണ്. അതിനാല്‍ ഈ ദിവസങ്ങളില്‍ പതിവായി ലഭിക്കേണ്ട വ്യാപാരം നടക്കുന്നില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. കലാലയങ്ങള്‍, സര്‍ക്കാര്‍ -സ്വകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെ ഓണാഘോഷത്തോടനുബന്ധിച്ച് തിരക്കനുഭവപ്പെട്ടെങ്കിലും ഓണക്കാലത്തു നടക്കുന്ന കച്ചവടം ലഭിച്ചിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Tags : new trend NattuVishasham DistrictNews