സിദ്ദിഖ്
ശ്രീകൃഷ്ണപുരം: മയക്കുമരുന്നു കേസുകളിൽ സ്ഥിരം കുറ്റവാളിയായ കരിമ്പുഴ പഞ്ചായത്തിലെ കോട്ടപ്പുറത്തിനടുത്ത് താമസിക്കുന്ന വേങ്ങശ്ശേരി വീട്ടിൽ സിദ്ദിഖ് (44) നെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ(കാപ്പ) നിയമപ്രകാരം ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റുചെയ്തു ജയിലിലടച്ചു.
കാപ്പ നിയമപ്രകാരമുള്ള തടങ്കൽ ഉത്തരവ് നിലവിലുണ്ടായിട്ടും പോലീസിനെ കബളിപ്പിച്ച് ദീർഘ നാളായി ഒളിവിൽ കഴിയുന്നതിനിടയാണ് പെരിന്തൽമണ്ണയിൽവച്ച് സിദ്ദിഖിനെ പോലീസ് സാഹസികമായി പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി അബ്ദുൽ റഷി ഐപിഎസിന്റേയും, മണ്ണാർക്കാട് ഡിവൈഎസ്പി അലവിയുടെയും കർശന നിർദേശപ്രകാരം ശ്രീകൃഷ്ണപുരം സബ് ഇൻസ്പെക്ടർ സന്തോഷിന്റെ നേതൃത്വത്തിലാണ് സിദ്ദിഖിനെ പിന്തുടർന്ന് പിടികൂടിയത്.
ശ്രീകൃഷ്ണപുരം,വാളയാർ, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്റ്റേഷനുകളിൽ മാരക മയക്കുമരുന്നായ എംഡിഎംഎ കടത്തിയതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ സിദ്ദിഖിന്റെ പേരിലുണ്ട്. എസ്ഐ സിലാസ്, എഎസ്ഐ മുഹമ്മദ് സനീഷ്, എസ്സിപിഒമാരായ കനീഷ് കങ്കുമാരി, ഷനിൽകുമാർ, കൃഷ്ണൻകുട്ടി, ഷാജഹാൻ, ഷിബി, സിപിഒമാരായ സുജേഷ്, പ്രജോഷ്, രാജേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് സിദ്ദിഖിനെ പിടികൂടിയത്. സിദ്ദിഖിനെ തൃശൂരിലെ അതീവ സുരക്ഷാജയിലിൽ അടച്ചു.
Tags : Nattuvishesham District News