ആടിക്കൊല്ലി ഗവ. ആയുര്‍വേദ ആശുപത്രി.
പുല്‍പ്പള്ളി: ആടിക്കൊല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ആയുര്‍വേദ ഡിസ്പെന്സറിയില് കിടത്തിച്ചികിത്സ ആരംഭിക്കാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ആവശ്യമായ ഭൗതിക സൗകര്യങ്ങളുണ്ടായിട്ടും കിടത്തി ചികിത്സ ആരംഭിക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാക്കുന്നില്ലെന്നാണ് ആരോപണം. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ചികിത്സയ്ക്കായി നൂറുകണക്കിനാളുകള്‍ ഇവിടെയെത്താറുണ്ട്. എന്നാല്‍ കിടത്തി ചികിത്സയില്ലാത്തതിനാല്‍ ഇവിടെയെത്തുന്ന രോഗികള്‍ ബത്തേരിയിലോ മാനന്തവാടിയിലോ പോകേണ്ട അവസ്ഥയാണ്.
ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ചു കെട്ടിടം ഇപ്പോഴും ജനത്തിന് ഉപകാരപ്പെടാത്ത അവസ്ഥയാണ്. 1991 ല്‍ ജനകീയ കമ്മിറ്റി പഞ്ചായത്തിന് സൗജന്യമായി നല്കിയ അരയേക്കറോളം സ്ഥലത്താണ് ആദ്യത്തെ ഡിസ്പെന്‍സറി കെട്ടിടം നിര്‍മിച്ചത്. 2000 ത്തില്‍ കെ. മുരളീധരന് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ച് ഇരുനില കെട്ടിടം നിര്‍മിച്ചെങ്കിലും കിടത്തിച്ചികിത്സ ആരംഭിച്ചില്ല.
ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കൂട്ടായ പരിശ്രമമുണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Tags : Local News Nattuvishesham Wayanad