മാമ്പള്ളത്ത് വെള്ളം ലഭിക്കാതെ ഉണങ്ങിനശിച്ച നെൽകൃഷി.
മുതലമട: മാമ്പള്ളത്ത് കാഡാകനാൽ വെള്ളമെത്താതെ മൂന്നേക്കറോളം നെൽകൃഷി പുർണമായും ഉണങ്ങിനശിച്ചു. മാമ്പള്ളം രാജേശ്വരി, സഹോദരി ജ്യോതി എന്നിവരുടേതാണ് ഒന്നരയേക്കർ വീതമുള്ള നെൽകൃഷി.
കൃഷിയനുബന്ധ കാര്യങ്ങൾക്കായി ചെലവഴിച്ച ഒരുലക്ഷത്തോളംരൂപ ഇതോടെ നഷ്ടക്കണക്കായി. പൂർണമായും ഉണങ്ങി വൈക്കോൽ പരുവത്തിലായ നെൽച്ചെടികൾ മുറിച്ചുനീക്കണമെങ്കിൽ അതിനും ചെലവു വരുമെന്നതും ഈ കർഷകസഹോദരങ്ങളെ നിരാശപ്പെടുത്തുകയാണ്.
അടുത്ത കൃഷിയിറക്കണമെങ്കിൽ കാഡാകനാലിലൂടെ വെള്ളം ലഭ്യമാകേണ്ടതുണ്ട്. കൃഷിനാശം വിലയിരുത്താൻ കൃഷിഭവൻ അധികൃതരെത്തുമെന്നും ധനസഹായത്തിനു കൃഷിവകുപ്പിലേക്ക് റിപ്പോർട്ട് നൽകുമെന്നുമുള്ള പ്രതീക്ഷയിലാണ് വനിതാകർഷകർ.