ബേക്കല്‍: ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വിവിധ ഭാഗങ്ങളില്‍ നടന്ന മോഷണക്കേസുകളില്‍ മിന്നല്‍ വേഗത്തില്‍ പ്രതികളെ പിടികൂടി ബേക്കല്‍ പോലീസ്. ഉദുമയിലെ ക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ന്ന പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കിയ പോലീസ്, പെരിയയില്‍ നടന്ന വന്‍ കവര്‍ച്ചയിലെ പ്രതികളെയും സാഹസികമായി പിടികൂടി.
ഉദുമ കൊങ്കിണി വളപ്പില്‍ അമ്പലത്തില്‍ നടന്ന ഭണ്ഡാരം മോഷണക്കേസിലെ പ്രതിയായ ഉദുമ മാര്‍ക്കറ്റ് റോഡ് സ്വദേശി കെ.വി. സജിതാണ് (41) (കുളിയന് സജിത്) അറസ്റ്റിലായത്. ഫെബ്രുവരി 27നും മാര്‍ച്ച് ഒന്നിനും ഇടയില്‍ അമ്പലത്തിന്റെ വരാന്തയില്‍ സൂക്ഷിച്ചിരുന്ന ഭണ്ഡാരമാണ് പ്രതി കവര്‍ന്നത്. എസ്ഐ കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അതിവേഗം തിരിച്ചറിഞ്ഞത്. പ്രതിയെ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ഫെബ്രുവരി ഏഴിന് പെരിയ നാലക്രയിലെ ഗോപാലകൃഷ്ണന്റെ വീട്ടില്‍ നിന്ന് ആറേകാല്‍ പവന് സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതികളെയും പോലീസ് പിടികൂടി. പാലക്കാട് അയിലൂര്‍ കുളക്കല്പറമ്പ് സ്വദേശി ജലീല്‍ (36), കാസര്‍ഗോഡ് ആലമ്പാടി മുണ്ടോള്‍ സ്വദേശി അബ്ദുള്‍ ലത്തീഫ് (40) എന്നിവരാണ് പിടിയിലായത്. എസ്ഐമാരായ അഖില്‍ സെബാസ്റ്റ്യന്‍, യു. റോഷിത്, ജിഎഎസ്ഐ പ്രസാദ്, സ്ക്വാഡ് അംഗങ്ങളായ പി.പി. ഷൈജു, മുഹമ്മദ് ആരിഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കുടുക്കിയത്.
Tags : nattu vishesham arrested robbery cases