കഠിനംകുളം: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാവുകയും കരുതൽ തടങ്കലിൽ കഴിയുകയും ചെയ്ത യുവാവിനെ വധശ്രമക്കേസിൽ കഠിനംകുളം പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കഠിനംകുളം ചിറ്റാറ്റുമുക്ക് ജന്മിമുക്ക് ജൻമി മൻസിലിൽ മുഹമ്മദ് കൽഫാൻ (26) ആണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞ പ്രതിയെ കഴക്കൂട്ടത്തെ ലോഡ്ജിൽ നിന്നാണ് പോലീസ് പിടി കൂടിയത്.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് ചിറ്റാറ്റുമുക്ക് കരിഞ്ഞവയൽ ബിന്ദു ഭവൻ വീട്ടിൽ സച്ചിൻ (34), ഇയാളുടെ സുഹൃത്തുക്കൾ എന്നിവരെ വീടിന് മുൻവശത്ത് വെച്ച് പ്രതി വാളുകൊണ്ട് മാരകമായി വെട്ടി പരിക്കേൽപ്പിച്ചിരുന്നു.
രാസലഹരി, കഞ്ചാവ് തുടങ്ങിയ മാരക മയക്കുമരുന്നുകൾ കച്ചവടം നടത്തിയതിന് കഴക്കൂട്ടം, പൊഴിയൂർ പോലീസ് സ്റ്റേഷനുകളിലും കഴക്കൂട്ടം എക്സൈസ് ഓഫീസിലും ഇയാൾക്കെതിരെ കേസുകളുണ്ട്. ഇതേത്തുടർന്ന് കരുതൽ തടങ്കലിലായിരുന്നു. പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും വധശ്രമക്കേസിൽ പ്രതിയായത്.
കഠിനംകുളം ഇൻസ്പെക്ടർ കെ സുനുമോന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു.