പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: 2012ലെ ബജറ്റില്‍ പ്രഖ്യാപിച്ചതും 2015ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ടതുമായ വയനാട് ഗവ. മെഡിക്കല്‍ കോളജ് മടക്കിമലയ്ക്കടുത്ത് ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി ലഭ്യമാക്കാന്‍ സന്നദ്ധമായ 54 ഏക്കര്‍ ഭൂമിയില്‍ സ്ഥാപിക്കുന്നതിന് മടക്കിമല ഗവ. മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റി സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കുന്നു.
ഇതിന്റെ ഭാഗമായി ക്വിറ്റ് ഇന്ത്യ ദിനമായ ഒമ്പതിന് ഉച്ചകഴിഞ്ഞ് രണ്ടിന് മടക്കിമല സഹകരണ ബാങ്ക് ഹാളില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് കോട്ടത്തറ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ പി.പി. റെനീഷ്, ജനറല്‍ കണ്‍വീനര്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം സലാം നീലിക്കണ്ടി, ട്രഷറര്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം ശശി പന്നിക്കുഴി, മറ്റു ഭാരവാഹികളായ കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ്, പനമരം ബ്ലോക്ക് പഞ്ചായത്തംഗം ബിനു ജേക്കബ്, ഗഫൂര്‍ വെണ്ണിയോട്, വിജയന് മടക്കിമല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
ജനകീയ കൂട്ടായ്മയില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ, സന്നദ്ധ, വനിതാ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മെഡിക്കല്‍ കോളജ് വിഷയത്തില്‍ ജനവികാരം ഉയര്‍ത്തുന്നതിനും സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കുന്നതിനും ആക്ഷന്‍ കമ്മിറ്റി വിവിധ സമര പരിപാടികള്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.
പ്രഥമഘട്ടത്തില്‍ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പൊതുയോഗവും ഒപ്പുശേഖരണവും നടത്തും. സര്‍ക്കാരിന് ഭീമഹര്‍ജി നല്‍കും. വനിതാ, യുവജന കൂട്ടാമയ്മകള് ഗൃഹസമ്പര്‍ക്കം നടത്തും.
രണ്ടാംഘട്ടത്തില്‍ പ്രചാരണ വാഹനജാഥയും സായാഹ്ന സദസുകളും സംഘടിപ്പിക്കും. പിന്നീട് കളക്ടറേറ്റ് പരിസരത്ത് മനുഷ്യച്ചങ്ങലയും ഇതിനുശേഷം സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസവും നടത്തും. മടക്കിമല ഭൂമി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി നിര്‍മാണത്തിന് വിട്ടുകിട്ടുമോയെന്ന് ജനപ്രതിനിധികളില്‍ ചിലര്‍ അടുത്തകാലത്ത് ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളോട് ആരാഞ്ഞിരുന്നു. ട്രസ്റ്റില്‍നിന്ന് നേരത്തേ ദാനമായി സ്വീകരിച്ച ഭൂമിയില്‍ നിര്‍മാണതടസം ഇല്ലെന്നാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്.
മടക്കിമല ഭൂമി മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് യോജിച്ചതാണെന്ന് മുന്‍ കളക്ടര്‍ ഡോ. രേണു രാജ് ആരോഗ്യ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്കിയതാ്. മടക്കിമലയില്‍ ദാനം ചെയ്ത ഭൂമി മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് ഉപയോഗപ്പെടുത്താത്ത സാഹചര്യത്തില്‍ ചന്ദ്രപ്രഭ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിക്കുകയും വസ്തു തിരികേ ലഭിക്കുന്നതിന് അനുകൂല ഉത്തരവ് നേടുകയും ചെയ്തിരുന്നു.
മെഡിക്കല്‍ കോളജ് പദ്ധതിക്കാണെങ്കില്‍ ഭൂമി ഇനിയും സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ ട്രസ്റ്റ് തയാറാണ്. ഇക്കാര്യം ട്രസ്റ്റ് അംഗം നമിത വിജയപദ്മന്‍ ആക്ഷന്‍ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. കമ്മിറ്റി രക്ഷാധികാരിയുമാണ് അവര്‍. മടക്കിമലയില്‍ നിര്‍മാണത്തിന് യോജിച്ച ഭൂമി സൗജന്യമായി ലഭിക്കുമെന്നിരിക്കേയാണ് സര്‍ക്കാര്‍ മാനന്തവാടിയുടെ പരിസര പ്രദേശങ്ങളില്‍ സ്ഥലം അന്വേഷിക്കുന്നത്. മെഡിക്കല്‍ കോളജിന് മാനന്തവാടിക്കടുത്ത് സ്ഥലം ലഭിക്കാത്ത സ്ഥിതിയാണ്. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനും മടക്കിമലയില്‍ പണച്ചെലവില്ലാതെ ലഭിക്കുന്ന ഭൂമി ഉപയോഗപ്പെടുത്താനും സര്‍ക്കാര്‍ തയാറാകണം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു എളുപ്പം എത്താവുന്ന പ്രദേശമാണ് മടക്കിമല. ഇവിടെ മെഡിക്കല്‍ കോളജ് വരണമെന്നാണ് ജില്ലയിലെ ജനങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും ആഗ്രഹം. ഇതിനൊത്ത് സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം.
നിലവില്‍ മാനന്തവാടിയില്‍ പരിമിത സൗകര്യങ്ങളിലാണ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. ജില്ലാ ആശുപത്രിയാണ് താത്കാലികമായി മെഡിക്കല്‍ കോളജായി ഉയര്‍ത്തിയത്. മെഡിക്കല്‍ കോളജിന് സ്ഥിര നിര്‍മാണം എവിടെ നടത്തണം എന്നതില്‍ കല്‍പ്പറ്റ, ബത്തേരി എംഎല്‍എമാര്‍ നിലപാട് വ്യക്തമാക്കണമെന്നും കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Action Committee Quit India Day