അടിമാലി ബസ്സ്റ്റാൻഡിലെ വെള്ളക്കെട്ട്.
അടിമാലി: ഓണം പിറന്നാലും അടിമാലി ബസ്സ്റ്റാൻഡ് വെള്ളത്തിൽ തന്നെ. കഴിഞ്ഞ കുറെ നാളുകളായി അടിമാലി ബസ്സ്റ്റാൻഡും പരിസരവും മഴവെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. ഓണമായതോടെ തിരക്ക് വർധിച്ചെങ്കിലും അടിമാലി ബസ്സ്റ്റാൻഡിലേക്കുള്ള റോഡ് പുനർനിർമിച്ചിട്ടില്ല.
അടിമാലി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണിലൂടെയുള്ള ഓടകൾ ശുചീകരിക്കുന്നതിന്റെ ഭാഗമായാണ് ബസ്സ്റ്റാൻഡിലേക്ക് കടന്നുവരുന്ന റോഡ് പൊളിച്ചത്. ഇത് ബസ് ജീവനക്കാരെയും മറ്റു വാഹനങ്ങളിലെ യാത്രക്കാരെയും ഒരുപോലെ വലയ്ക്കുകയാണ്.
കഴിഞ്ഞ ദിവസം റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ അപകടത്തിൽപ്പെട്ടിരുന്നു. റോഡ് പുനർനിർമിച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികൾ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ് ബസ് ജീവനക്കാർ അറിയിച്ചിരിക്കുന്നത്.