മുറിച്ചുമാറ്റിയ മരങ്ങൾ പാലിയാണയ്ക്കു സമീപം കൂട്ടിയിട്ടിരിക്കുന്നു.
തരുവണ: മുൻപെങ്ങുമില്ലാത്തവിധം കാലവർഷം ദുർബലമാവുകയും കുടിവെള്ള ലഭ്യത പോലും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിവേഗം വയനാട് മരുവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് പാലിയാണ പൗരസമിതി ആശങ്ക പ്രകടിപ്പിച്ചു.
തണ്ണീർത്തടങ്ങളും വയലേലകളും വൻതോതിൽ തരംമാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ദിവസം തോറും നൂറുകണക്കിന് ലോഡ് മരങ്ങൾ ചുരമിറങ്ങുന്പോൾ വയനാടിന്റെ പരിസ്ഥിതിയും ശീതള കാലാവസ്ഥയും ചോദ്യം ചെയ്യപ്പെടുകയാണ്. ജില്ലയിൽ കാർഷിക തകർച്ച മൂർഛിച്ചിരിക്കുന്പോൾ കർഷകന്റെ നിലനിൽപും കൃഷിയിടങ്ങളിലെ വൃക്ഷങ്ങളുടെ എണ്ണത്തെ ആശ്രയിച്ചാണ്.
മുൻവർഷങ്ങളിൽ കെട്ടിട നിർമാണ ആവശ്യങ്ങൾക്കായി തോട്ടത്തിലെ ഏറ്റവും പ്രായംചെന്ന വൃക്ഷങ്ങൾ നിയന്ത്രിതമായി മുറിച്ച് ഉപയോഗിച്ചിരുന്നിടത്തുനിന്ന് ഇപ്പോൾ കൃഷിയിടങ്ങളിലെ വൃക്ഷങ്ങൾ സമൂലം മുറിച്ചുമാറ്റപ്പെടുന്നിടത്തേക്ക് കാര്യങ്ങൾ എത്തി.
കുറച്ചു കാലങ്ങൾക്കു മുന്പ് തോട്ടത്തിലെ പഴക്കം ചെന്ന പ്ലാവ്, അയിനി, വേങ്ങ, വേണ്ടേക്ക്, കുന്നി, തേക്ക് തുടങ്ങിയ വൃക്ഷങ്ങൾക്ക് മികച്ചവില ലഭിച്ചിരുന്നിടത്ത് ഇന്ന് എക്കർ കണക്കിന് തോട്ടങ്ങളിലെ മരങ്ങൾ മുഴുവനും മുറിച്ചു കൊടുത്താൽ ലഭിക്കുന്നത് തുഛമായ തുകയാണ്. വീടുകൾക്ക് ചുറ്റുമുള്ള വൃക്ഷങ്ങൾ മുറിച്ചു മാറ്റപ്പെടുന്നതോടെ വീടിനകത്തും പരിസരത്തും കൊടുംചൂടും വരൾച്ചയും പിടിമുറുക്കുന്നു. കിണറുകളുടെ ജലവിതാനത്തെയും മരംമുറി സാരമായി ബാധിച്ചിട്ടുണ്ട്. കർഷകരുടെ തോട്ടങ്ങളിലെ വൃക്ഷങ്ങളുടെ എണ്ണത്തിനും വണ്ണത്തിനും അനുസരിച്ച് കർഷകർക്ക് ഗ്രാൻഡ് നൽകി മരംമുറിയുടെ തീവ്രതയ്ക്ക് തടയിടാൻ ഭരണകൂടം അടിയന്തര ഇടപെടൽ നടത്തണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews