കോട്ടയം: എയിംസ് കേരളത്തില്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുക്കുമ്പോള്‍ വെള്ളൂരിന് മുഖ്യപരിഗണന നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ഉറപ്പ് നല്‍കിയതായി ഫ്രാന്‍സിസ് ജോര്‍ജ് എംപി. ഇത് സംബന്ധിച്ചുള്ള നിവേദനം സമര്‍പ്പിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളുടെ പരിശോധന സംസ്ഥാന സര്‍ക്കാര്‍ നടത്തിവരികയാണ്. പരിശോധനയ്ക്ക് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറും. പ്രസ്തുത റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
കോട്ടയം-എറണാകുളം ജില്ലകളുടെ അടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളൂരിലെ കെപിപിഎല്ലിനോട് ചേര്‍ന്നുള്ള സ്ഥലം എയിംസ് സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമാണെന്ന് ഫ്രാന്‍സിസ് ജോര്‍ജ് കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.
റോഡ്, റെയില്‍ ഗതാഗത സൗകര്യങ്ങളും സമീപത്തുള്ള വിമാനത്താവളവും ആവശ്യമായ ജലലഭ്യതയും ഇവിടെയുണ്ടെന്ന് എംപി പറഞ്ഞു.
കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ കോട്ടയം മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന് സ്ഥാപിക്കണമെന്നും ഫിസിയോതെറാപ്പി സെന്ററിന്റെ വിപുലീകരണത്തിന് ഫണ്ട് അനുവദിക്കണമെന്നും ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ കേരളത്തില്‍ അനുവദിക്കണമെന്നും നിവേദനത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു.
Tags : Nattuvishesham Districtnews MP says AIIMS