ജംഷീര്‍.
കോഴിക്കോട്: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷന് പരിധിയില്‍നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ച 08.02 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ പെരുമണ്ണ സ്വദേശി മറക്കാടിപ്പൊറ്റ വീട്ടില്‍ കെ.കെ. ജംഷീറിനെ(34) സിറ്റി നാര്‍കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ ജീവന് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും മെഡിക്കല്‍ കോളജ് പൊലിസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി കുറ്റിക്കാട്ടൂരിലായിരുന്നു മയക്കുമരുന്നു വേട്ട. സ്കൂട്ടറില്‍ വരികയായിരുന്ന പ്രതി പൊലിസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.
തുടർന്ന് പൊലിസ് പിന്തുടര്ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ജംഷീറിന്റെ പക്കല്‍ നിന്നും വിപണിയില്‍ ഏകദേശം 35000 രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് കണ്ടെടുത്തത്. മയക്കുമരുന്ന് മൊത്തവില്‍പ്പനക്കാരില്‍ നിന്ന് ചെറിയ അളവില്‍ മയക്കുമരുന്ന് വാങ്ങിച്ച് കുറ്റിക്കാട്ടൂര്‍, പൂവാട്ടുപറമ്പ്, പെരുമണ്ണ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്നവരില്‍ പ്രധാനിയാണ് ജംഷീറെന്ന് പൊലിസ് പറഞ്ഞു.
മെഡിക്കല്‍ കോളജ് പൊലിസ് സബ് ഇന്‍സ്പെക്ടര്‍ അതുല്‍ വസന്ത്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, ഹോം ഗാര്‍ഡ് ഉണ്ണികൃഷ്ണന്, കോഴിക്കോട് സിറ്റി ഡാന്‍സാഫ് സബ് ഇന്‍സ്പെക്ടര്‍ മനോജ് ഇടയടത്ത്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അഖിലേഷ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സുനോജ്, ലതീഷ്, സരുണ്‍, ശ്രീശാന്ത്, തൗഫീഖ്, അഭിജിത്ത്, ദിനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Tags : Nattuvishesham District News DeepikaNews MDMA