ചുങ്കം സ്വകാര്യ ബസ് സ്റ്റാന്ഡിന് സമീപം ഊട്ടി റോഡരികില് കൂട്ടിയിട്ടിരിക്കുന്ന മരത്തടികള്.
സുല്ത്താന് ബത്തേരി: ചുങ്കം സ്വകാര്യ ബസ് സ്റ്റാന്ഡിലേക്ക് തിരിയുന്ന വളവിന് സമീപം ഊട്ടി റോഡരികില് കൂട്ടിയിട്ടിരിക്കുന്ന വന് മരത്തടികള് കാല്നടയാത്രക്കാര്ക്കും വാഹനയാത്രക്കാര്ക്കും ദുരിതമാകുന്നു. മാസങ്ങളായി റോഡരികില് കിടക്കുന്ന തടിക്കഷണങ്ങള് നീക്കം ചെയ്യാന് നടപടിയുണ്ടാകാത്തതില് വ്യാപാരികളും നാട്ടുകാരും പ്രതിഷേധത്തിലാണ്.
കഴിഞ്ഞവര്ഷം അപകടഭീഷണി ഉയര്ത്തിയതിനെത്തുടര്ന്ന് വെട്ടിമാറ്റിയ വന്മരത്തിന്റെ തടിക്കഷണങ്ങളാണ് റോഡരികില് കൂട്ടിയിട്ടിരിക്കുന്നത്. കൈപ്പഞ്ചേരി ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങള്ക്കും കാല്നടയാത്രക്കാര്ക്കും ഇവ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. റോഡരികിലെ തടികള് ഗതാഗതത്തിന് തടസമാകുന്നതിനൊപ്പം അപകടസാധ്യതയും വര്ധിപ്പിക്കുന്നതായി നാട്ടുകാര് ചൂണ്ടിക്കാട്ടുന്നു.
നിരവധി പൊതുസ്ഥാപനങ്ങള്ക്കും വിദ്യാലയങ്ങള്ക്കും ആരാധനാലയങ്ങള്ക്കും സമീപത്തുകൂടിയുള്ള ഈ റോഡിലൂടെ ദിവസേന ആയിരക്കണക്കിന് ആളുകളാണ് സഞ്ചരിക്കുന്നത്. തടിക്കഷണങ്ങള് നീക്കം ചെയ്ത് റോഡരികിലെ ഗതാഗതതടസം ഒഴിവാക്കാന് അധികൃതര് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.