ഉദ്ഘാടനം കഴിഞ്ഞിട്ടും മൂന്നാമത്തെ സർവീസ് ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് റോ-റോ പാസഞ്ചേഴ്സ് അസോസിയേഷനും വൈപ്പിൻ ജനകീയ കൂട്ടായ്മയും സംയുക്തമായി വൈപ്പിൻ ജെട്ടി
വൈപ്പിൻ: ഫോർട്ടുകൊച്ചി-വൈപ്പിൻ ജലപാതയിലെ ദുരിതയാത്രയ്ക്ക് പരിഹാരം കാണാൻ പണികഴിപ്പിച്ച സേതു സാഗർ - 3 എന്ന റോ-റോ ജങ്കാർ നിർമാണം പൂർത്തിയായി ഉദ്ഘാടനം കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും സർവീസിനിറക്കുന്നില്ല. ഓരോ കാരണങ്ങൾ പറഞ്ഞു സർവീസ് നീട്ടിക്കൊണ്ടുപോകുന്ന കൊച്ചിൻ കോർപറേഷന്റെ നടപടിയിൽ യാത്രക്കാർ പ്രതിഷേധത്തിലാണ്. നിരന്തര പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിരാമമിട്ടാണ് മൂന്നാമതായി നിർമിച്ച റോ-റോ ജങ്കാർ കഴിഞ്ഞ ജൂലൈ 12ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എന്നാൽ കൊച്ചിൻ ഷിപ്യാർഡിലേക്ക് മാറ്റിയ ജങ്കാർ പിന്നെ ആരും കണ്ടിട്ടില്ല.
ദുരിതം മത്സ്യം മേഖലയ്ക്കും യാത്രക്കാർക്കും
ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, വെല്ലിംഗ്ടൺ ഐലൻഡ്, പള്ളുരുത്തി, തോപ്പുംപടി, ഇടക്കൊച്ചി, അരൂർ തുടങ്ങിയ ഭാഗങ്ങളിലേക്ക് നിത്യേന ജോലിക്ക് പോകുന്നവരും കയറ്റുമതി മത്സ്യ വാഹനങ്ങളുമാണ് റോ-റോയെ ആശ്രയിക്കുന്നത്. ഇവിടെ രണ്ട് ജങ്കാറുകൾ സർവീസ് നടത്തുമ്പോഴും യാത്രാദുരിതത്തിന് അറുതിയില്ല.
പലപ്പോഴും ജങ്കാറുകൾ തകരാറിലാകുന്നതാണ് കാരണം. ഇതിനിടെയാണ് മൂന്നാമത് ഒരു ജങ്കാർ വേണമെന്ന ആവശ്യം ഉയർന്നതും പുതിയ ജങ്കാർ നിർമിച്ചതും. ഏതെങ്കിലും ഒന്നിന് തകരാർ സംഭവിച്ച് സർവീസ് നിലച്ചാൽ മൂന്നാമത്തെ ജങ്കാർ ഇറക്കി സർവീസ് മുടക്കം കൂടാതെ നടത്താം എന്നതായിരുന്നു ഉദ്ദേശ്യം. എന്നാൽ മൂന്നാമത് ജങ്കാർ നിർമിച്ചിട്ടും സർവീസിനിറക്കാതെ വന്നതോടെ ദുരിതമനുഭവിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ.
റോ-റോ മുടങ്ങിയാൽ റോഡ് ഗതാഗതവും മുടങ്ങും
ഒരു റോ-റോ മുടങ്ങിയാൽ ഫോർട്ട് വൈപ്പിനിലേയും ഫോർട്ടുകൊച്ചിയിലെയും ജെട്ടികളിൽ വാഹനങ്ങളുടെ നീണ്ട നിരയായിരിക്കും. ഇതാകട്ടെ ഈ ഭാഗത്ത് ഗതാഗത തടസം ഉണ്ടാക്കും. ഫോർട്ട് വൈപ്പിനിലാകട്ടെ ഈ ഭാഗത്തെ താമസക്കാർക്ക് വീടുകളിൽ നിന്ന് വാഹനങ്ങൾ പുറത്തേക്ക് ഇറക്കാൻ പോലും പറ്റാത്ത അവസ്ഥയായിരിക്കും.
മാത്രമല്ല, പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നു ഭക്ഷ്യമാലിന്യങ്ങളും കവറുകളും വലിച്ചെറിഞ്ഞ് ഇവിടമാകെ വൃത്തിഹീനമാകുകയും ചെയ്യുന്നു എന്നാണ് പ്രദേശവാസികളുടെ പരാതി.
കെഐവി പ്രശ്നമെന്ന് കോർപറേഷൻ
നാളിതുവരെ ഓരോ കാരണങ്ങൾ നിരത്തിയ കൊച്ചിൻ കോർപറേഷൻ ഇപ്പോൾ പറയുന്നത് കേരള ഇൻലാൻഡ് വെസൽ (കെഐവി) രജിസ്ട്രേഷൻ ലഭിക്കാത്തതു കൊണ്ടാണ് സർവീസിനിറക്കാത്തതെന്നാണ്. എന്നാൽ പോർട്ട് വകുപ്പിന്റെ കീഴിലുള്ള മാരിടൈം ബോർഡിൽ നിന്നും കെഐവി രജിസ്ട്രേഷൻ ലഭ്യമാക്കാൻ അനാവശ്യ കാലതാമസം വരുത്തുന്നതിൽ ദുരൂഹതയുണ്ടെന്നാണ് റോ-റോ പാസഞ്ചേഴ്സ് അസോസിയേഷന്റെ ആരോപണം.
പ്രത്യേക കമ്പനി വരുമോ?
പ്രത്യേക കമ്പനി രൂപീകരിച്ച് സർവീസ് കമ്പനിയെ ഏൽപിക്കണമെന്ന കൊച്ചിൻ കോർപറേഷന്റെ തീരുമാനപ്രകാരം സർക്കാർ അനുമതി നൽകിയിട്ടും കമ്പനി രൂപീകരിക്കാത്തത് എന്താണെന്നാണ് വൈപ്പിൻ ഫോർട്ടുകൊച്ചി ഫെറി പാസഞ്ചേഴ്സ് അസോസിയേഷൻ ചോദിക്കുന്നത്.
നിലവിൽ ഓടുന്ന രണ്ട് ജങ്കാർ സർവീസുകളും ഇപ്പോൾ കിൻകോയെ ആണ് ഏൽപിച്ചിട്ടുള്ളത്. കോർപറേഷനു യാതൊരു വരുമാനവും ഇല്ലാതെ സർവീസ് കിൻ കോയെ ഏൽപിക്കുന്നത് കോർപറേഷൻ കൗൺസിലിൽ കടുത്ത അഭിപ്രായ വ്യത്യാസമുള്ളതായും ഫെറി പാസഞ്ചേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
Tags : NattuVishesham DistrictNews