ഗാന്ധി സ്ക്വയർ വേദപുരി ഗാർഡൻസിലെ വിനായക കാറ്ററിംഗ് ഉടമ ബിന്ദു അനന്തരാമന്റെ വീട്ടിൽ ഒരുക്കിയ ബൊമ്മക്കൊലു.
തൃപ്പൂണിത്തുറ: നവരാത്രി ആഘോഷങ്ങൾക്ക് വരവേൽപ്പേകി രാജനഗരിയിലെ വീടുകളിൽ ബൊമ്മക്കൊലുക്കൾ ഒരുങ്ങി. കൊച്ചി രാജവംശത്തിന്റെ സാംസ്കാരിക പൈതൃകം പേറുന്ന തൃപ്പൂണിത്തുറയിൽ നവരാത്രി ആഘോഷങ്ങൾക്ക് സവിശേഷമായ സ്ഥാനമാണുള്ളത്. മഹിഷാസുരനെ വധിച്ച് ദുർഗാദേവി തിന്മയ്ക്കുമേൽ നന്മയുടെ വിജയം നേടിയതിന്റെ സ്മരണയിലാണ് നവരാത്രി ആഘോഷിക്കുന്നത്.
പുരാണകഥകൾ, ദേവീദേവന്മാരുടെ രൂപങ്ങൾ, രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാപാത്രങ്ങൾ, കൃഷ്ണലീലകൾ, വിവാഹച്ചടങ്ങുകൾ, ഗ്രാമീണ ജീവിതം, കർഷകർ, സംഗീതജ്ഞർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങി വൈവിധ്യമാർന്ന കാഴ്ചകളാണ് ബൊമ്മക്കൊലുവിൽ ഒരുക്കുന്നത്. മൺബൊമ്മകൾക്കാണ് പരമ്പരാഗതമായി പ്രാധാന്യമെങ്കിലും തടിയിലും മറ്റു വസ്തുക്കളിലും നിർമിച്ച രൂപങ്ങളും ഉപയോഗിക്കുന്നു. തമിഴ് പാരമ്പര്യത്തിലെ മരപ്പാച്ചി ബൊമ്മകൾ ഇതിൽ ശ്രദ്ധേയമാണ്. ദമ്പതികളുടെ രൂപത്തിലുള്ള ഈ തടിബൊമ്മകൾ കുടുംബ പാരമ്പര്യത്തിന്റെ ഭാഗമായി തലമുറകളിലേയ്ക്ക് കൈമാറി വരുന്നതാണ്.
മൂന്ന് മുതൽ പതിമൂന്ന് പടികൾ വരെയായി സൗകര്യത്തിനും ബൊമ്മകളുടെ എണ്ണത്തിനുമനുസരിച്ച് ഒറ്റ സംഖ്യയിലുള്ള പടികളാണ് സാധാരണയായി ഒരുക്കുന്നത്. ഏറ്റവും മുകളിലെ പടിയിൽ പ്രധാന ദേവീദേവന്മാരുടെ രൂപങ്ങളും താഴേയ്ക്കുള്ള പടികളിൽ മറ്റു ദേവതകൾ, ഇതിഹാസ കഥാപാത്രങ്ങൾ, മനുഷ്യ ജീവിതത്തിന്റെ വിവിധ കാഴ്ചകൾ, മൃഗങ്ങൾ, പക്ഷികൾ എന്നിവ ക്രമീകരിക്കുന്നു.
Tags : NattuVishesham DistrictNews