നെന്മാറ- നെല്ലിയാമ്പതി ചുരംപാതയിൽ തകർന്ന ഭാഗങ്ങളിൽ ഒരുക്കിയ താത്കാലിക സംരക്ഷണഭിത്തി.
നെന്മാറ: നെന്മാറ- നെല്ലിയാമ്പതി ചുരംപാത നവീകരണ പദ്ധതിയുടെ നടത്തിപ്പിൽ നേരിടുന്ന തടസങ്ങൾ സംബന്ധിച്ച് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ച് കെ. പ്രേമൻ എംഎൽഎ.
ഏഴുവർഷംമുൻപ് ആസൂത്രണം ചെയ്ത പദ്ധതിയുടെ അടങ്കൽതുക പുതുക്കി 114.13 കോടി രൂപയായി ഉയർത്തിയെങ്കിലും വനപാതയായതിനാൽ ചില പഠനങ്ങൾകൂടി നടത്തേണ്ടതുണ്ടെന്ന ജർമൻ ബാങ്ക് അധികൃതരുടെ നിർദേശമാണ് പദ്ധതിക്ക് പുതിയ വെല്ലുവിളിയായത്.
വന്യമൃഗങ്ങൾക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിനുള്ള പാത ഒരുക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്തണമെന്ന നിർദേശത്തെ തുടർന്ന് വിശദമായ പഠനം നടത്തുമെന്ന് മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ മറുപടി നൽകി. പഠനത്തിനായി ആവശ്യപ്പെട്ട 25.52 ലക്ഷം രൂപ അനുവദിക്കുമെന്നും സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.
മൂന്നുമാസത്തിനകം പ്രാഥമിക റിപ്പോർട്ട് തയാറാക്കി അതിന്റെ അടിസ്ഥാനത്തിൽ തുടർ കരാർ നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നെന്മാറ മുതൽ നെല്ലിയാമ്പതി പാടഗിരി വരെയുള്ള 30.47 കിലോമീറ്റർ പാത നവീകരിക്കുന്നതിനാണ് പദ്ധതി തയാറാക്കിയത്. 2021 ജനുവരിയിൽ 90.96 കോടി രൂപയുടെ കരാർ നടപടികൾ പൂർത്തിയാക്കിയെങ്കിലും വിവിധ നിയമനടപടികൾ കോടതി കയറിയതോടെ തുടർപ്രവർത്തനങ്ങൾ തടസപ്പെടുകയായിരുന്നു.
റോഡ് തകർച്ച രൂക്ഷമായതോടെ നെന്മാറ- നെല്ലിയാമ്പതി ചുരം പാതയിൽ യാത്രക്കാരുടെ ദുരിതവും അപകടസാധ്യതയും വർധിക്കുകയാണ്.
പാതയുടെ പല ഭാഗങ്ങളിലും സംരക്ഷണഭിത്തികൾ തകർന്ന് കൊക്കയിലേക്കുവീണ നിലയിലാണ്. നവീകരണ നടപടികൾ നീണ്ടുപോകുന്നതിനിടെ വന്യമൃഗങ്ങളുടെ സഞ്ചാരപാത സംബന്ധിച്ച പഠനംകൂടി നടത്തേണ്ടിവരുന്നത് പദ്ധതിക്ക് പുതിയ വെല്ലുവിളിയായിരിക്കുകയാണ്.
ചുരം പാതയുടെ സുരക്ഷയും വന്യജീവി സംരക്ഷണവും ഒരുപോലെ ഉറപ്പാക്കുന്ന രീതിയിൽ പഠനം പൂർത്തിയാക്കി നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags : NattuVishesham DistrictNews