മാലിന്യശേഖരണത്തിനിടെ ലഭിച്ച സ്വർണനാണയം ഉടമയ്ക്ക് നൽകുന്നു.
കൊരട്ടി: മാലിന്യശേഖരണത്തിനിടെ ലഭിച്ച സ്വർണനാണയം ഉടമയ്ക്കുനൽകി സത്യസന്ധതയുടെ മാതൃകയായി ഹരിതകർമ സേനാംഗങ്ങൾ.
കൊരട്ടി ഗ്രാമപഞ്ചായത്തിലെ ഏഴാംവാർഡ് വാലുങ്ങാമുറിയിൽ പുഷ്പ സുബ്രനും മീര ശശിയുമാണ് മാതൃകാപരമായ പ്രവർത്തനത്തിലൂടെ ശ്രദ്ധേയരായത്. വാലുങ്ങാമുറി ചൂരയ്ക്കൽ സെബിയുടെ വീട്ടിൽ അജൈവ മാലിന്യങ്ങൾ ശേഖരിക്കാനെത്തിയതായിരുന്നു ഇരുവരും. വീട്ടുമുറ്റത്ത് മാലിന്യം തരംതിരിക്കുന്നതിനിടെയാണ് സ്വർണനാണയം ലഭിച്ചത്.
ഈ സമയം കുടുംബാംഗങ്ങൾ ചെന്നൈയിലായിരുന്നതിനാൽ വീട്ടിലുണ്ടായിരുന്ന ഗൃഹനാഥനെ നാണയം ഏൽപ്പിച്ചു. സ്വർണനാണയം നഷ്ടപ്പെട്ട വിവരം ഗൃഹനാഥനും അറിഞ്ഞിരുന്നില്ല. തുടർന്ന് ചെന്നൈയിലുള്ള കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടപ്പോഴാണ് നാണയം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചത്. സംഭവം വാർഡ് അംഗം വി.കെ. കൃഷ്ണനെയും ഹരിതകർമസേന കോഓർഡിനേറ്റർ എം.ആർ. രമ്യയെയും അറിയിച്ചു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഫിൻസോ തങ്കച്ചൻ, ആൻസി ആഗസ്റ്റിൻ, ഗ്രേസി സ്കറിയ, പഞ്ചായത്ത് അംഗം അനിത, ഉഷ ആനന്ദ് എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണനാണയം ഉടമ ചൂരയ്ക്കൽ സെബി(സെബാസ്റ്റ്യൻ)ക്ക് കൈമാറി. ഹരിതകർമ സേനാംഗങ്ങളുടെ സത്യസന്ധതയെ ജനപ്രതിനിധികൾ അഭിനന്ദിച്ചു.
Tags : NattuVishesham DistrictNews